ഇടുക്കി സീറ്റിന് കോൺഗ്രസിൽ മുറവിളി
റോഷി അഗസ്റ്റിനെതിരെ കൈപ്പത്തി ചിഹ്നത്തിൽ ഇടുക്കി സീറ്റിൽ സ്ഥാനാർഥിയെ നിർത്തണം എന്ന ആവശ്യം ഇടുക്കിയിൽ കോൺഗ്രസിനുള്ളിൽ ശക്തമാകുന്നു.
ഇടുക്കി ജില്ലയിൽ കോൺഗ്രസിന് ഉറപ്പായും വിജയ സാധ്യതയുള്ള രണ്ടു സീറ്റുകളും ഘടക കക്ഷിക്ക് കൊടുക്കരുത് എന്ന അഭിപ്രായമാണ് ഉയരുന്നത്.
ഇടുക്കി , തൊടുപുഴ സീറ്റുകൾ കേരള കോൺഗ്രസിന് കൊടുക്കുന്നതിന് എതിരെയാണ് ഗ്രൂപ്പ് വ്യസ്ത്യാസമില്ലാതെ നേതാക്കളും പ്രവർത്തകരും അമർഷം പ്രകടിപ്പിക്കുന്നത്.
റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് (എം) നുള്ളിൽ ഒന്നാം നമ്പർ നേതാവായി ഉയർന്നു. സംസ്ഥാന തലത്തിൽ ശക്തമായ ബന്ധങ്ങൾ ഉണ്ടാക്കിയതിനൊപ്പം ഭരണനേട്ടം കാണിക്കാൻ ഒട്ടേറെ പദ്ധതികളും നടപ്പാക്കി.
മണ്ഡലത്തിനുള്ളിലും വ്യക്തിബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ റോഷി ശ്രദ്ധിച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ റോഷിക്കെതിരെ ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കാൻ കേരള കോൺഗ്രസിന് കഴിയില്ല.
എതിർ സ്ഥാനാർഥി ദുർബലനാണെങ്കിൽ റോഷി അഗസ്റ്റിൻ വലിയ ഭൂരിപക്ഷത്തിൽ വിജയം നേടും.
1980, 1982, 1987 കാലഘട്ടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഐ ഘടക കക്ഷികളുടെ സഹായമില്ലാതെ ഇടുക്കി സീറ്റിൽ ജയിച്ചിരുന്നു.
കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി എത്തിയാൽ ഇത്തവണ ഇടുക്കി പിടിക്കാം എന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് ക്യാമ്പ്.
ഭൂപ്രശ്‌നങ്ങൾ ഇടുക്കി മണ്ഡലത്തിൽ വലിയ തോതിൽ ഭരണ വിരുദ്ധ തരംഗമുണ്ടാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ന് നേട്ടമുണ്ടായതിൽ ഭരണ വിരുദ്ധ തരംഗം പ്രധാന ഘടകമാണ്.
യുഡിഎഫ് നുള്ളിൽ പ്രതിസന്ധികൾ ഉണ്ടായിട്ടും കട്ടപ്പന നഗരസഭയിൽ ഭരണം പിടിക്കാൻ കഴിഞ്ഞതും ഇതിന് തെളിവാണ് എന്ന് കോൺഗ്രസ് വിലയിരുത്തുന്നു.
ഭരണ വിരുദ്ധ തരംഗം വോട്ടാക്കി മാറ്റണമെങ്കിൽ ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കണം എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ഇക്കാര്യങ്ങളിൽ പരസ്യ പ്രതികരണം അരുതെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം നിർദേശം നൽകിയതിനാൽ നേതാക്കൾ പലരും മൗനത്തിലാണ്.
വി.ഡി. സതീഷൻ കട്ടപ്പനയിൽ എത്തിയപ്പോൾ മാധ്യമ പ്രവർത്തകർ ഇക്കാര്യം ചോദിച്ചെങ്കിലും അതൊക്കെ മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.









