ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് വിരാമമായി. കാത്തിരിപ്പിന് ഒടുവിൽ റായ്ബറേലി, അമേഠി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മ അമേഠിയിലും മത്സരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് പ്രഖ്യാപിച്ചത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്‍റെ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. നിലവിൽ വയനാട് എംപിയായ രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ മത്സരിച്ചിരുന്നു. സോണിയയുടെയും രാഹുലിന്റെയും വിശ്വസ്തനാണ് കെ.എൽ.ശർമ. ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്.
ഇതോടെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് രാഹുൽ ഗാന്ധി ജനവിധി തേടുകയാണ്. 2019ല്‍ വയനാടിന് പുറമെ അമേഠിയിലായിരുന്നു രാഹുല്‍ മത്സരിച്ചത്. ബിജെപി നേതാവ് സ്മൃതി ഇറാനിയോടാണ് രാഹുൽ പരാജയപ്പെട്ടത്. ഇത്തവണ അമേഠിയ്ക്ക് പകരം കഴിഞ്ഞതവണ വരെ സോണിയ ഗാന്ധി മത്സരിച്ച് ജയിച്ച റായ്ബറേലിയിലേക്ക് രാഹുൽ മാറുകയായിരുന്നു.