ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നോർത്ത് ഈസ്റ്റ് ഡൽഹി സ്ഥാനാർഥി കനയ്യകുമാറിന് നേരെ ആക്രമണം. നന്ദ് നഗ്രിയിൽ പൂമാല ഇടാൻ എന്ന വ്യാജേന എത്തിയ അക്രമികൾ കനയ്യയെ മർദ്ദിച്ചു. എട്ട് പേർ അടങ്ങുന്ന സംഘം കനയ്യ കുമാറിനെ ആക്രമിക്കുകയും കറുത്ത മഷി എറിയുകയും ചെയ്തു. കനയ്യക്കൊപ്പം ഉണ്ടായിരുന്ന പ്രവർത്തകർ അക്രമം തടഞ്ഞു. ആം ആദ്മി പാർട്ടി വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയോടും അക്രമികൾ മോശമായി പെരുമാറി. പരാജയഭീതിയിലായ ബി.ജെ.പി സ്ഥാനാർഥി മനോജ് തിവാരിയുടെ അനുയായികൾ നടത്തിയ ആസൂത്രിത ആക്രമണമാണിതെന്നും ഇതിനു മറുപടി ജനം വോട്ടിലൂടെ നൽകുമെന്നും കോൺഗ്രസ് പ്രതികരിച്ചു. അക്രമികൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്തെ തകർക്കുന്നതിനെ കുറിച്ച് കനയ്യ കുമാർ മുദ്രാവാക്യം വിളിച്ചതിനാലും ഇന്ത്യൻ സൈന്യത്തിനെതിരെ സംസാരിച്ചതിനാലുമാണ് തങ്ങൾ അങ്ങനെ ചെയ്തതെന്ന് അക്രമികൾ വീഡിയോയിൽ പറയുന്നതായി കേൾക്കാം. സംഭവത്തെക്കുറിച്ച് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read also: ക്രൂരത; സിസി മുടങ്ങിയതിന് 20 കാരനെ മർദിച്ച് പൊലീസ്; ഒടുവിൽ സസ്‌പെൻഷൻ