തിരുവനന്തപുരം: പ്രതിഷേധങ്ങളെ തുടർന്ന് പൊലീസ് സംരക്ഷണത്തിൽ ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കാനുള്ള നീക്കം പാളി. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവർ പലയിടങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവർ ആരും എത്താത്തതിനാൽ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിഷ്ക്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിതോടെ സമരം കടുപ്പിക്കുകയാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ വ്യക്തമാക്കി.
തിരുവനന്തപുരം മുട്ടത്തറയിൽ ടെസ്റ്റ് ഗ്രൗണ്ട് കവാടത്തിന് മുന്നിൽ സമരക്കാർ കിടന്നാണ് പ്രതിഷേധം നടത്തിയത്. കോഴിക്കോട് താമരശ്ശേരിയിൽ കഞ്ഞി വെച്ചായിരുന്നു പ്രതിഷേധം. ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഒരാളാണ് ടെസ്റ്റിനെത്തിയത്. അതേസമയം പ്രതിഷേധത്തിനിടയിലും കൊല്ലത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി. സ്വന്തം വാഹനവുമായി എത്തിയയാള്‍ക്ക് റോഡ് ടെസ്റ്റ് നടത്തുകയായിരുന്നു. ടെസ്റ്റിനു ആളെ എത്തിച്ച ഡ്രൈവിംഗ് സ്കൂളിനു മുന്നിലും പ്രതിഷേധം നടത്തും.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കരുതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലൻ പറഞ്ഞു. എന്തെങ്കിലും പിശകുകൾ പറ്റിയാൽ തിരുത്തും എന്നാണ് കരുതുന്നത്. തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തി ധാരണയിൽ എത്തുന്നതായിരിക്കും കൂടുതൽ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.