കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു. ഗൈനക്ക് വാർഡിലാണ് സംഭവം. അപകടത്തിൽ നിന്ന് പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. സ്ത്രീകളുടെയും കുട്ടികളുടെയും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ കോൺക്രീറ്റ് പാളിയാണ് അടർന്നു വീണത്. സംഭവ സമയത്ത് എട്ടു രോഗികളാണ് വാർഡിലുണ്ടായിരുന്നത്. അഞ്ച് ദിവസം പ്രായമായ കുഞ്ഞ് കിടന്നിരുന്ന കട്ടിലിന് സമീപത്തായിരുന്നു കോൺക്രീറ്റ് കഷ്ണങ്ങൾ വന്നു വീണത്.
കുഞ്ഞിന് പാൽ കൊടുത്ത് മാറ്റികിടത്തിയ സമയത്ത് ഒരു മിനിറ്റ് വ്യത്യാസത്തിലായിരുന്നു അപകടം സംഭവിച്ചത്. അതുകൊണ്ട് തന്നെ തലനാരിഴയ്ക്കാണ് അപകടമൊഴിവായതെന്ന് കൂട്ടിരുപ്പുകാർ പറഞ്ഞു. നടന്നത് സാരമായ സംഭവമല്ലെന്നും രോഗികളെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അപകടം നടന്നതിനെ തുടർന്ന് രോഗികളെയും കൂട്ടിയിരുപ്പുകാരെയും ഉടൻ പ്രസവ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപത്തുള്ള കെട്ടിടങ്ങളുടെ പല ഭാഗത്തും ബലക്ഷയം കണ്ടെത്തിയിട്ടുണ്ട്.