യുകെ മലയാളിയായ യുവാവിനെ ഒരു മാസമായി കാണാനില്ലെന്ന് പരാതി. ലണ്ടനിൽ താമസിക്കുന്ന നരേന്ദ്രൻ രാമകൃഷ്ണനെയാണ് കാണാതായത്. നരേന്ദ്രൻ രാമകൃഷ്ണനെ അവസാനമായി കണ്ടത് കെൻ്റിലെ ഡോവറിൽ ആണെന്ന് പരാതിയിൽ പറയുന്നു.
സെപ്റ്റംബർ വരെ നരേന്ദ്രൻ രാമകൃഷ്ണൻ ജെപി മോർഗനില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് വേറെ ജോലി അന്വേഷിക്കുകയായിരുന്നു രാമകൃഷ്ണൻ.
ഡിസംബർ 8-ാം തീയതി മുതലാണ് രാമകൃഷ്ണനെ കാണാതായത്. കടുത്ത ദുരൂഹത ഉണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ചില കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായുള്ള അനൗദ്യോഗിക വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. യുഎഇയിൽ താമസിക്കുന്ന സഹോദരൻ രാമകൃഷ്ണനെ കണ്ടെത്താനായി പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.