യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ചതായി പരാതി
കോഴിക്കോട്: ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദിക്കുകയും കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതി.
താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് സ്വദേശിയായ അബ്ദുറഹ്മാൻ (41) ആണ് സംഭവത്തിൽ താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് താമരശ്ശേരി ചുങ്കം ജംഗ്ഷനു സമീപം ബാലുശ്ശേരി റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ആക്രമണം നടന്നത്.
കൊടുവള്ളിയിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്ന് ടിവിഎസ് ഫൈനാൻസ് വഴിയാണ് അബ്ദുറഹ്മാൻ 36,000 രൂപ വിലയുള്ള മൊബൈൽ ഫോൺ വാങ്ങിയത്.
ഫോണിന്റെ മൂന്നാമത്തെ അടവ് മുടങ്ങിയതിനെ തുടർന്നാണ് ഭീഷണിയും ആക്രമണവും ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.
തിരിച്ചടവ് വൈകിയതിനെ തുടർന്നാണ് ചിലർ ഇയാളെ ലക്ഷ്യമാക്കി ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് അബ്ദുറഹ്മാന്റെ ആരോപണം.
മറ്റൊരാളുടെ പേരിൽ ഫോൺ ചെയ്ത് അബ്ദുറഹ്മാനെ താമരശ്ശേരി ചുങ്കം ജംഗ്ഷനിലേക്ക് വിളിച്ചു വരുത്തിയ സംഘം, തുടർന്ന് ബാലുശ്ശേരി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു.
യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ചതായി പരാതി
അവിടെ വെച്ച് ഭീഷണിപ്പെടുത്തിയ ശേഷം പ്രതികൾ സഞ്ചരിച്ചിരുന്ന താർ ജീപ്പിലേക്ക് അബ്ദുറഹ്മാനെ വലിച്ചുകയറ്റാൻ ശ്രമിച്ചു.
എന്നാൽ ഇയാൾ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ സംഘം അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മർദനത്തിനിടെ കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിച്ചതായും, ദേഹമാസകലം പരിക്കേൽപ്പിച്ചതായും അബ്ദുറഹ്മാൻ പൊലീസിനോട് വെളിപ്പെടുത്തി.
നിലവിളി കേട്ട് സമീപവാസികൾ എത്തിയതോടെ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പരിക്കേറ്റ അബ്ദുറഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും, സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.
സാമ്പത്തിക ഇടപാടുകളുടെ പേരിൽ നിയമം കൈയിലെടുക്കുന്ന പ്രവണത അനുവദിക്കാനാകില്ലെന്നും, ഇത്തരം അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.









