കൊച്ചി: സ്വകാര്യ ഹോസ്റ്റലില്‍ വിളമ്പിയ ചോറില്‍ പുഴുവെന്ന് പരാതി. ഹോസ്റ്റലിലെ താമസക്കാരായ എട്ടു പേര്‍ ചേർന്നാണ് പാലാരിവട്ടം പൊലീസിനു പരാതി നൽകിയത്. പൊലീസ് പരാതി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കൈമാറി.കൊച്ചി ചക്കരപ്പറമ്പിലുളള ദേവീകൃപ എന്ന ഹോസ്റ്റലില്‍ വിളമ്പിയ ചോറിലായിരുന്നു പുഴുവിനെ കണ്ടെത്തിയെന്ന് പരാതി നൽകിയത്. (Complaint about worm in the rice in the hostel)
എന്നാല്‍ ഹോസ്റ്റലില്‍ നിന്ന് നാലു മാസം മുമ്പ് പുറത്താക്കപ്പെട്ടയാളാണ് പരാതിക്ക് പിന്നിലെന്നാണ് ഹോസ്റ്റല്‍ നടത്തിപ്പുകാരൻ ആരോപിച്ചു. ദൃശ്യങ്ങളടക്കമുളള തെളിവുകളുമായാണ് ഹോസ്റ്റലിലെ താമസക്കാരനായ കിഷന്‍ കിഷോര്‍ മറ്റ് ഏഴ് താമസക്കാര്‍ കൂടി ചേര്‍ന്ന് ഒപ്പിട്ട് പരാതിയാണ് പാലാരിവട്ടം പൊലീസിന് നല്‍കിയത്.
മുമ്പും സമാനമായ പ്രശ്നം ഹോസ്റ്റലില്‍ ഉണ്ടായിട്ടുണ്ടെന്ന് മുന്‍പ് താമസക്കാരനായിരുന്ന അര്‍ജുന്‍ എന്ന യുവാവ് പറയുന്നു. ചോറില്‍ പുഴു ഉണ്ടായിരുന്നെന്ന കാര്യം ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍ കാസിം മുഹമ്മദ് സമ്മതിച്ചു. പുഴു എങ്ങനെ ഭക്ഷണത്തില്‍ വന്നെന്ന കാര്യം അറിയില്ലെന്നും അന്വേഷിച്ചു വരികയുമാണെന്നാണ് ഇയാൾ പറഞ്ഞത്.
എന്നാല്‍ നാലു മാസം മുമ്പ് ഹോസ്റ്റലില്‍ നിന്ന് ഒഴിവാക്കിയ അര്‍ജുന്‍റെ നേതൃത്വത്തിലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ഇതില്‍ സംശയങ്ങളുണ്ടെന്നുമാണ് ഹോസ്റ്റല്‍ നടത്തിപ്പുകാരൻ പറയുന്നത്. പ്രശ്നത്തില്‍ നടപടിയെടുക്കേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണെന്നും പരാതി അവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പാലാരിവട്ടം പൊലീസ് അറിയിച്ചു.