കേന്ദ്ര സർക്കാർ ഭക്ഷ്യ എണ്ണകൾക്കുള്ള ഇറക്കുമതി തീരുവ ഉയർത്തിയതോടെ തേങ്ങയ്ക്കും കൊപ്രയ്ക്കും വില കുതിച്ചുയർന്നിരുന്നു. കൊപ്ര വില ഉയർന്നതോടെ വെളിച്ചെണ്ണയാട്ടി വിൽക്കുന്ന പ്രാദേശിക മില്ലുടമകൾ പ്രതിസന്ധിയിലായി. മുൻപ് 112 രൂപയായിരുന്ന കൊപ്ര വില 145-155 വരെയെത്തിയതാണ് മില്ലുടമകളെ പ്രതിസന്ധിയിലാക്കിയത്. Coconut and copra prices have risen sharply: Small mill owners are under threat of closure
കിലോയ്ക്ക് 285 രൂപയ്ക്കാണ് നിലവിൽ ആട്ടിയ വെളിച്ചെണ്ണ വിറ്റുപോകുന്നത്. ഒരു കിലോ കൊപ്രയിൽ നിന്നും ശരാശരി 600 ഗ്രാം വെളിച്ചെണ്ണ ലഭിക്കും. നിലവിലെ കൊപ്ര വിലയ്ക്ക് പണിക്കൂലിയും കഴിഞ്ഞ് ലാഭം കിട്ടാത്ത അവസ്ഥയിലാണ് തങ്ങളെന്ന് മില്ലുടമകൾ പറയുന്നു.
വൻകിട ഉത്പാദകർ കുറഞ്ഞ മുതൽമുടക്കിൽ തമിഴ്‌നാട്ടിൽ ഉത്പാദിപ്പിച്ച് പ്രാദേശിക വിപണിയിൽ ലഭിക്കുന്നതിനേക്കാൾ 10 രൂപ താഴ്ത്തിയാണ് സംസ്ഥാനത്ത് വെളിച്ചെണ്ണ വിൽക്കുന്നത്. ഇതും ചെറുകിട മില്ലുടമകൾക്ക് തിരിച്ചടിയാകുന്നുണ്ട്.
പാമോയിൽ, സൂര്യകാന്തി, സോയാബീൻ തുടങ്ങിയ എണ്ണകളുടെ അനിയന്ത്രിതമായ ഇറക്കുമതി നിയന്ത്രിക്കുന്നതിനായാണ് കേന്ദ്ര സർക്കാർ തീരുവ ഉയർത്തിയത്. വില കുറഞ്ഞ പാമോയിൽ ഉൾപ്പെടെയുള്ള എണ്ണകൾക്ക് വില വർധിച്ചതോടെ വെളിച്ചെണ്ണ ഉപയോഗവും വർധിച്ചു.
ഇതോടെയാണ് തേങ്ങയ്ക്കും കൊപ്രയ്ക്കും വില കൂടി. തേങ്ങവില വർധിച്ചതോടെ ഹോട്ടൽ ഉടമകളും ചെറുകിട പലഹാര നിർമാണ യൂണിറ്റുകളും പ്രതിസന്ധിയിലായി.