കർഷകരെയും വ്യാപാരികളേയും ഞെട്ടിച്ചുകൊണ്ടാണ് കൊക്കോ വില 2024 മേയിൽ റെക്കോഡിടുന്നത്. അന്ന് 1000-1000 രൂപവരെ ഉണങ്ങിയ കൊക്കോയ്ക്ക് വില ലഭിച്ചിരുന്നു. പച്ച കൊക്കോയ്ക്ക് 270 രൂപയും വിലയുണ്ടായിരുന്നു.
ഇതോടെ കർഷകരിൽ പലരും വലിയ പരിചരണം കൊടുക്കാതിരുന്ന കൊക്കോച്ചെടികൾ മികച്ച രീതിയിൽ പരിചരിക്കാൻ തുടങ്ങി. കൊക്കോ കായ വിളഞ്ഞു പഴുക്കുന്നതിന് മുൻപ് തന്നെ അണ്ണാനും മരപ്പട്ടിയും തോട്ടങ്ങളിലെത്തി തിന്നു തീർക്കുന്നതായിരുന്നു പ്രധാന വെല്ലുവിളി.
അണ്ണാൻ തിന്നശേഷം പരിപ്പ് കൊക്കോയുടെ ചുവട്ടിൽ തന്നെ ഉപേക്ഷിക്കുമെങ്കിലും മരപ്പട്ടി പലപ്പോഴും പരിപ്പ് ഉൾപ്പെടെ തിന്നു തീർക്കും. വനപ്രദേശത്തോട് ചേർന്ന സ്ഥലങ്ങളിൽ കുരങ്ങൻമാരും വിളവ് നശിപ്പിക്കുന്നത് പതിവാണ്.
ഇത്തരം ജീവികളെ ഉപദ്രവിച്ച് വിള സംരക്ഷിച്ചാൽ കേസിൽ പെടും എന്നതിനാൽ കർഷകരിൽ പലർക്കും വിളഞ്ഞ കൊക്കോ സംരക്ഷിക്കുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ കർഷകരിൽ ചിലർ വായു കടക്കുന്ന രീതിയിൽ തയാറാക്കിയ പ്ലാസ്റ്റിക് കൂടുകൾ ഉപയോഗിച്ച് കൊക്കോ കായ മൂടി.
ഇതോടെ അണ്ണാൻ ശല്യം ഒരു പരിധി വരെ കുറഞ്ഞു. ചെറുജീവികളുടെയും വന്യ ജീവികളുടെയും ശല്യത്തിന് പിന്നാലെ കീടബാധയും കൊക്കോ കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. കർഷകർ ഊരൻ എന്നു വിളിയ്ക്കുന്ന ചെറുവണ്ടുകൾ കായയിൽ കയറിപ്പറ്റി നീര് ഊറ്റിക്കുടിയ്ക്കുന്നതോടെ കൊക്കോയ കായകൾ മൂപ്പെത്തുന്നതിന് മുൻപ് തന്നെ ഉണങ്ങി നശിക്കുന്നതും പതിവാണ്.
വീര്യം കുറഞ്ഞ ജൈവ കീടനാശിനികൾ തളിച്ചാലൊന്നും ഊരൻ നശിക്കില്ല. ഇവ ഒരു കായയിൽ വന്നാൽ വളരെ വേഗം പെരുകി മറ്റു കായകളിലേയ്ക്ക് പിടിപെടും. കീടനാശിനികൾ തളിച്ച് കീടങ്ങളെ തുരത്തുകയും വളമിട്ട് ഉത്പാദനം വർധിപ്പിക്കുകയും ചെയ്‌തെങ്കിലും വിലയിടിവ് കർഷകരെ നിരാശയിലാഴ്ത്തി.
ചോക്ലേറ്റ് കമ്പനികൾ കൊക്കോ ശേഖരണം കുറച്ചതോടെ ഒരാഴ്ച്ചക്കിടെ കൊക്കോ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. നിലവിൽ ഉണങ്ങിയ കൊക്കോയ്ക്ക് 280 രൂപും പച്ച കൊക്കോയ്ക്ക് 60 രൂപയുമാണ് ലഭിക്കുന്നത്. ചോക്ലേറ്റ് കമ്പനികളുടേയും ഇടനില നിൽക്കുന്ന ലോബികളുടേയും ഇടപെടലാണ് ഉത്പാദനം കുറഞ്ഞു നിൽക്കുന്ന സമയത്തും കൊക്കോ വില ഇടിയാൻ കാരണമാകുന്നത്.
മേയ് മുതൽ സെപ്റ്റംബർ വരെയാണ് ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ കൂടുതലായി കൊക്കൊ എത്തുന്നത്. വിലയിടിഞ്ഞതോടെ കമ്പോളത്തിലേക്കുള്ള കൊക്കോ വരവ് കുറഞ്ഞെന്ന് വ്യാപാരികളും പറയുന്നു.