ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. രണ്ട് സൈനികർക്ക് ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ജമ്മുവിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടലുണ്ടായത്.(Clashes in Jammu and Kashmir; Two soldiers martyred, two terrorists killed)
നായിബ് സുബേദാർ വിപൻ കുമാർ, സിപോയി അരവിന്ദ് സിങ് എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്. ദുഗഡ്ഡ വന മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു പൊലീസും സൈന്യവും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആക്രമണം ഉണ്ടായത്.
അതിനിടെ കഠ്‍വയിലെ ഖന്ദാരയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇവരിൽ നിന്നു എകെ 47 തോക്കുകളും പിസ്റ്റളും മാഗസിനുകളും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.