ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 2 ഭീകരർ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്ക് സമീപം കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് തിരച്ചിൽ തുടരുന്നു.ജമ്മു കശ്മീർ പൊലീസിന്റെ പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതിനിടെ മച്ചിൽ സെക്ടറിൽ നിന്ന് രണ്ട് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയിൽപ്പെട്ടു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഇവരെ വധിച്ചത്. പ്രദേശത്ത് രണ്ട് പേർ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം.
ഇവർക്കായി സൈന്യം ഓപ്പറേഷൻ ആരംഭിച്ചട്ടുണ്ട്.പോലീസിന്റെ നിർദേശപ്രകാരം തിരച്ചിൽ തുടരുകയാണ്. കൂടുതൽ ഭീകരർ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. ഇതുകൂടാതെ, സാധാരണക്കാർ ഈ ഭാഗത്തേക്ക് വരുന്നതിന് നിലവിൽ നിരോധനമുണ്ട്.അനന്ത്‌നാഗിൽ ഈ മാസമാദ്യം ഒരാഴ്ച നീണ്ട ഏറ്റുമുട്ടലുണ്ടായിരുന്നു . തുടർന്ന് ഒരു ലഷ്‌കർ കമാൻഡറെയും മറ്റൊരു ഭീകരനെയും കൊലപ്പെടുത്തിയതോടെയാണ് ഇത് അവസാനിച്ചത്. രണ്ട് ഉദ്യോഗസ്ഥരും ഇന്ത്യൻ കരസേനയിലെ ഒരു സൈനികനും പുറമെ ജമ്മു കശ്മീർ പോലീസിലെ ഡിഎസ്പിയും ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. 5 ദിവസം നീണ്ട ഓപ്പറേഷൻ ആയിരുന്നു സൈന്യത്തിന്റേത് .