തിരുവനന്തപുരം: കഴക്കൂട്ടത്ത് കുളത്തൂരിൽ അപ്പാർമെന്‍റിൽ കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി കൂപ്പർ ദീപു തമിനാട്ടിലെന്ന് സൂചന. പ്രതിയെ തേടി പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചു.(Civil service student rape case; accused is in Tamil Nadu)
പരാതിക്കാരിയുടെ കാമുകന്‍റെ സുഹൃത്താണ് പ്രതിയെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. കൂപ്പർ ദീപു എന്ന് വിളിക്കുന്ന ദീപുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെൺകുട്ടിക്ക് അറിയാവുന്ന ആളാണ് ഇയാളെന്നും കാമുകനെ കുറിച്ച് രഹസ്യ വിവരം നൽകാനെന്ന് പറഞ്ഞാണ് ദീപു അപ്പാർട്ട്മെന്‍റിൽ എത്തിയതെന്ന് പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
രണ്ട് ദിവസം മുമ്പാണ് കുളത്തൂരിലെ അപ്പാർട്ട്മെന്‍റിൽ വെച്ച് സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ ദീപു ബലാത്സംഗം ചെയ്യുന്നത്. രാത്രി 11 മണിയോടെയാണ് ദീപു പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെത്തിയത്. ആ സമയത്ത് പരാതിക്കാരിയായ പെൺകുട്ടിക്കൊപ്പം റൂം മേറ്റ് ആയ മറ്റൊരു പെൺകുട്ടിയും അപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നു. റൂം മേറ്റ് ഉറങ്ങുന്ന സമയത്താണ് പ്രതി തന്നെ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
പ്രതി തന്നെ ബലം പ്രയോഗിച്ചു മദ്യം കുടിപ്പിച്ചുവെന്നും തുടർന്ന് ബലാത്സംഗം ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിലും പകർത്തി. വിവരം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാമുകനൊപ്പം എത്തിയാണ് യുവതി പരാതി നൽകിയത്.