ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട സമരത്തില്‍നിന്നു ഭരണപക്ഷ അനുകൂല സംഘടനയായ സിഐടിയു പിൻവാങ്ങി. തിങ്കളാഴ്ച മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കുമെന്ന് സിഐടിയു സംസ്ഥാന നേതൃത്വം അറിയിച്ചു.നിർദേശങ്ങളില്‍ ഗതാഗത വകുപ്പ് ഇളവു വരുത്തിയതോടെയാണ് സമരത്തില്‍നിന്നു പിന്മാറിയത്. സമരവുമായി ബന്ധപ്പെട്ട് 23ന് ഗതാഗതമന്ത്രി സിഐടിയു സംസ്ഥാന ഭാരവാഹികളുമായി ചർച്ച നടത്തും. ചർച്ച പരാജയപ്പെട്ടാല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങുമെന്നും സിഐടിയു അറിയിച്ചു. അതേസമയം പരിഷ്കാരങ്ങൾക്കെതിരായ കടുത്ത നിലപാടിൽ നിന്ന് ഡ്രൈവിങ് സ്കൂൾ ഉടമകളും പിന്മാറി.
കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകൾ നിശ്ചലമായിരുന്നു. പുതുക്കിയ പരിഷ്കാരവുമായി മുന്നോട്ട് തന്നെയെന്ന് സർക്കാരും പരിഷ്കാരം അനുവദിക്കില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ യൂണിയനുകളും നിലപാട് എടുത്തതോടെയാണ് ട്രാക്കുകളിൽ പ്രതിഷേധം പുകഞ്ഞത്. എതിർപ്പ് കനത്തതോടെ കടുംപിടുത്തം വിട്ട് ഇളവുകൾ നൽകാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. ഇതോടെയാണ് താത്കാലികമായി സമരം അവസാനിപ്പിക്കാൻ സിഐടിയു അടക്കമുള്ള സംഘടനകൾ തീരുമാനിച്ചത്.
Read More: നീറ്റ് യു.ജി ഇന്ന്; വിദ്യാർത്ഥികൾ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്രകാരം