കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സിഐഎസ്എഫ് എസ് ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവർക്കെതിരെയാണ് നടപടി.
ആഭ്യന്തര അന്വേഷണത്തിനും സിഐഎസ്എഫ് ഡിഐജി നിർദ്ദേശം നൽകിയിട്ടുണ്ട്. സിഐഎസ്എഫ് എസ് ഐ വിനയകുമാറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചിരുന്നത്. ജിജോയെ ഒരു കിലോമീറ്ററോളം ആണ് ബോണറ്റില്‍ ഇട്ട് പ്രതി വാഹനം ഓടിച്ചത്.
വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ക്രൂരകൊലപാതകം. ഇന്നലെ രാത്രി 11 മണിയോടെ നായത്തോട് വെച്ചാണ് സംഭവം നടന്നത്. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (24) ആണ് കൊല്ലപ്പെട്ടത്.
ജിജോ കാർ ഓടിച്ചു പോകുമ്പോൾ മോഹൻകുമാർ സൈഡ് നല്‍കിയിരുന്നില്ല. നായത്തോട് ഭാഗത്തെത്തിയപ്പോള്‍ ഇക്കാര്യം ജിജോ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ ഉദ്യോഗസ്ഥൻ ജിജോയെ ബോണറ്റിലിട്ട് ഒരു കിലോമീറ്ററോളം വാഹനമോടിക്കുകയായിരുന്നു.
തുടര്‍ന്ന് വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് ജിജോ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിജോയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിമാനത്താവളത്തിന് അടുത്തുള്ള ഒരു വലിയ ഹോട്ടലിലെ ഷെഫാണ് ഐവിന്‍. ജോലി കഴിഞ്ഞ് രാത്രിയില്‍ തിരികെ പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്.