ഇത്രയും ദൂരം ഒരു അഞ്ചുവയസ്സുകാരന് ഒറ്റയ്ക്ക് എത്താനാകില്ല; സുഹാന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
പാലക്കാട്: ചിറ്റൂർ നഗരസഭ പരിധിയിൽ കാണാതായ അഞ്ചുവയസ്സുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി.
നഗരസഭയുടെ കീഴിലുള്ള വലിയ കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ മുതൽ 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
സുഹാന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കുട്ടിയുടെ വീടിൽ നിന്ന് ഏകദേശം 700 മീറ്റർ അകലെയുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇത്രയും ദൂരം ഒരു അഞ്ചുവയസ്സുകാരന് ഒറ്റയ്ക്ക് എത്താനാകില്ലെന്നും, റോഡിനും കുളത്തിനും ഇടയിൽ കനാൽ ഉള്ളതിനാൽ അബദ്ധത്തിൽ കുളത്തിൽ വീഴാനുള്ള സാധ്യതയും കുറവാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു.
സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയായിരുന്നു സുഹാൻ.
പേര് വിളിച്ചാലും പ്രതികരിക്കാൻ പ്രയാസമുള്ളതിനാൽ തിരച്ചിൽ തുടക്കം മുതൽ തന്നെ വെല്ലുവിളിയായിരുന്നു. ശനിയാഴ്ച നടത്തിയ ഡോഗ് സ്ക്വാഡ് പരിശോധനയിൽ സമീപത്തെ മറ്റൊരു കുളത്തിന്റെ വരമ്പ് വരെ മാത്രമാണ് പോലീസ് നായ മണം പിടിച്ചെത്തിയത്.
ഇതിനെ തുടർന്ന് പ്രദേശത്തെ ആമ്പൽ കുളങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യം തിരച്ചിൽ നടന്നത്. എന്നാൽ മൃതദേഹം കണ്ടെത്തിയ നഗരസഭാ കുളം അന്ന് വിശദമായി പരിശോധിച്ചിരുന്നില്ല.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതായത്. ടിവി കാണുന്നതിനിടെ സഹോദരനുമായി പിണങ്ങിയ ശേഷം വീട്ടിൽ നിന്നിറങ്ങിയതായിരുന്നു.
മുൻപും ഇത്തരത്തിൽ ഇറങ്ങിപ്പോകാറുണ്ടായിരുന്നെങ്കിലും കുറച്ചുസമയത്തിനകം തിരികെ വരാറായിരുന്നു പതിവ്. എന്നാൽ ഇത്തവണ മടങ്ങിയെത്താതിരുന്നതോടെയാണ് വീട്ടുകാർ പോലീസിനെ വിവരം അറിയിച്ചത്.
ചിറ്റൂർ പോലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവർ ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയതോടെയാണ് നാടിനെ നടുക്കിയ വാർത്ത പുറത്തുവന്നത്.
English Summary
The body of five-year-old Suhan, who went missing from Chittur in Palakkad district, was found in a municipal pond after a 21-hour search. Locals have raised suspicions over the circumstances of the child’s death, pointing out the distance from his home and physical barriers like a canal that make an accidental fall unlikely. Residents are demanding a thorough investigation into the incident.
chittur-missing-child-suhan-body-found-suspicion
Palakkad, Chittur, Missing Child, Child Death, Kerala News, Police Investigation, Local News, Tragedy









