ദിവസംതോറും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടാണ് സ്വർണവില മുന്നേറുന്നത്. ആഗോളതലത്തിൽ സ്വർണവിലയിലുണ്ടാകുന്ന മാറ്റം കേരളത്തിലും പ്രതിഫലിക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് സാധാരണക്കാരാണ്. സ്വർണത്തിന്റെ കുതിപ്പിന് ചൈനയെന്ന രാജ്യം വഹിക്കുന്ന പങ്ക് ചെറുതല്ല. ഓഹരിയും റിയല്‍ എസ്‌റ്റേറ്റുമടക്കം രാജ്യത്തെ ജനപ്രിയ നിക്ഷേപമേഖലകളെല്ലാം പൊളിഞ്ഞതോടെ ചൈനക്കാര്‍ വന്‍തോതില്‍ സ്വര്‍ണനിക്ഷേപത്തിലേക്ക് തിരിഞ്ഞതും ചൈനീസ് കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സ്വര്‍ണശേഖരം കൂട്ടിയതും ആഗോളതലത്തില്‍ തന്നെ വിലവര്‍ധനയ്ക്ക് കാരണങ്ങളായി.
എന്നാൽ ഇപ്പോൾ സ്വർണക്കൊതിയന്മാരായ ചൈനക്കാർക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്. ഡൂപ്ലിക്കേറ്റിന്റെ നാട്ടുകാരായ ചൈനക്കാർ ഒടുവിൽ സ്വർണവും വ്യാജമായി വില്പന നടത്തി തുടങ്ങി. ഇങ്ങനെ ഓൺലൈൻ വഴി 24-കാരറ്റിന്റെ തനി പരിശുദ്ധ സ്വര്‍ണമെന്ന പേരില്‍ വ്യാജ സ്വര്‍ണം വാങ്ങിയവരുടെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്.
ഓണ്‍ലൈനിലൂടെ ‘999 സ്വര്‍ണം’ വാങ്ങിയവരാണ് വഞ്ചിക്കപ്പെട്ടതെന്ന് ചൈനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. 999 സ്വര്‍ണമെന്നാൽ 99.9 ശതമാനവും പരിശുദ്ധ സ്വര്‍ണമെന്നാണ് അര്‍ത്ഥം. അതായത്, ആഭരണത്തില്‍ മറ്റ് ലോഹങ്ങള്‍ പേരിനെ ഉണ്ടാകുള്ളൂ എന്നർത്ഥം. 999 സ്വര്‍ണമാണ് 24-കാരറ്റ് സ്വര്‍ണം എന്നറിയപ്പെടുന്നത്. സാധാരണക്കാരായ ചൈനക്കാരാണ് ഓണ്‍ലൈന്‍ വഴി വ്യാജ സ്വര്‍ണം വാങ്ങി ചതിയിൽപ്പെട്ടത്.
ശരിയായ സ്വര്‍ണം തിരിച്ചറിയാന്‍ കഴിയാതെ പോയ സാധാരണക്കാരെ തട്ടിപ്പുകാര്‍ മുതലെടുത്തുവെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഒരു ഉപയോക്താവ് 280 ഡോളര്‍ (ഏകദേശം 23,000 രൂപ) ചെലവിട്ട് ടൗബാവോ (Taobao) എന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്ന് 5 ആഭരണങ്ങള്‍ വാങ്ങി. സംശയം തോന്നിയ അദ്ദേഹം അവ തീയില്‍ ചൂടാക്കി നോക്കിയപ്പോള്‍ ആഭരണങ്ങള്‍ കരിഞ്ഞുപോകുകയോ പച്ചനിറത്തിലേക്ക് മാറുകയോ ചെയ്യുകയായിരുന്നു. യഥാര്‍ത്ഥ സ്വര്‍ണം തീയില്‍ച്ചൂടാക്കിയാല്‍ തിളക്കംകൂടി വെള്ളനിറമായി മാറുകയാണ് ചെയ്യുക. തുടർന്നാണ് തട്ടിപ്പ് പുറംലോകമറിഞ്ഞത്.
രാജ്യത്ത് വ്യാജ സ്വര്‍ണ വില്‍പനക്കേസുകള്‍ വർധിച്ചതോടെ ജനങ്ങളെ ബോധവത്കരിക്കാനുള്ള നടപടികളുമായി ചൈനീസ് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. വാങ്ങുന്ന സ്വര്‍ണം ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് നോക്കി ശബ്ദം ശ്രദ്ധിക്കാനാണ് സർക്കാർ ഇറക്കിയ മാർഗനിർദേശത്തിൽ പ്രധാനമായും പറയുന്നത്. കൂടാതെ സ്വര്‍ണത്തില്‍ നൈട്രിക് ആസിഡ് ഒഴിക്കാനും പറയുന്നു. ആസിഡ് വീണ് സ്വര്‍ണത്തിന്റെ നിറം പച്ചയോ മറ്റേതെങ്കിലും നിറമോ ആയാല്‍ അത് വ്യാജമെന്ന് ഉറപ്പിക്കാം. അഥവാ മാറ്റമൊന്നും സംഭവിച്ചില്ലെങ്കില്‍ അത് പരിശുദ്ധ സ്വര്‍ണമായിരിക്കും. വിപണിയിലെ വിശ്വാസ്യതയുള്ള ബ്രാന്‍ഡുകളുടെ മാത്രം സ്വര്‍ണം വാങ്ങുകയെന്ന നിര്‍ദേശവും ചൈനീസ് സർക്കാർ നൽകുന്നു. ഇവയ്ക്കൊക്കെ പുറമെ വ്യാജന്മാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയും ആരംഭിച്ചിട്ടുണ്ട്.
Read Also: കാലവർഷം മെയ് 31ന് : മഴയെ നേരിടാൻ കേരളം സജ്ജമെന്ന് മന്ത്രി കെ രാജൻ
Read Also: ആദ്യ മില്ലേനിയല്‍ സെയിന്റ്; കംപ്യൂട്ടർ പ്രതിഭ കാർലോ അക്യൂട്ടിസിന് വിശുദ്ധപദവി
Read Also: സ്വർണ പ്രേമികൾക്ക് ആശ്വാസം; രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്, വില അറിയാം