കൊച്ചി: റോഡിൽ പൊട്ടി വീണ മുളകുപൊടി മൂലം വലഞ്ഞ് യാത്രക്കാർ. കൊച്ചി കളമശ്ശേരിയിലാണ് സംഭവം. ഗുഡ്‌സ് വാഹനത്തിൽ നിന്ന് താഴെ വീണ് പൊട്ടിയ മുളകുപൊടിയുടെ കവറുകളാണ് യാത്രക്കാർക്ക് ദുരിതമായത്.
റോഡിൽ കിടന്നിരുന്ന മുളകുപൊടി കാറ്റടിച്ചതിന് പിന്നാലെ പ്രദേശത്താകെ വ്യാപിക്കുകയായിരുന്നു. നല്ല തിരക്കുള്ള സമയത്താണ് സംഭവം നടന്നത്. വെള്ളം ഉപയോഗിച്ച് കണ്ണും മുഖവും കഴുകിയിട്ടും പലർക്കും എരിച്ചിൽ മാറാതെ ബുദ്ധിമുട്ടി. തലനാരിഴയ്‌ക്കാണ് പലരും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
കണ്ണിൽ മുളക്പൊടി കയറിയതോടെ ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ദുരിതത്തിലായത്. ബസ്, കാർ യാത്രക്കാരെയും മുളകുപൊടി ബുദ്ധിമുട്ടിച്ചു. കുറേനേരത്തിന് ശേഷം എരിച്ചിൽ മാറിയതിന് പിന്നാലെയാണ് പലരും യാത്ര പുനരാരംഭിച്ചത്. ഒടുവിൽ ഫയർ ഫോഴ്സ് എത്തി റോഡ് വൃത്തിയാക്കുകയായിരുന്നു.