സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി കുട്ടി
ഹൈദരാബാദ്: ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ ദിവസങ്ങൾക്കിടെ നടന്നത് രണ്ട് ദുരന്തകരമായ ആത്മഹത്യകൾ. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഷെയ്ഖ് റിസ്വാനും കെ. ഹൻസികയുമാണ് ജീവനൊടുക്കിയത്.
ഇരുവരും പ്രണയത്തിലായിരുന്നെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭവങ്ങൾക്ക് പിന്നാലെ സ്കൂളിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
റിസ്വാനും ഹൻസികയും ഇൻസ്റ്റാഗ്രാമിലൂടെ ഏറെ സമയം ആശയവിനിമയം നടത്തിയിരുന്നതായാണ് വിവരം. ഇക്കാര്യം സ്കൂൾ അധികൃതർ അറിഞ്ഞതോടെ, അവർ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ച് മുന്നറിയിപ്പ് നൽകി.
ഇതിന് പിന്നാലെയുണ്ടായ മാനസിക സമ്മർദമാണ് റിസ്വാൻ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നു.
ജൂലൈ 19-ന് മിയാപൂരിലെ മാധവ്‌നഗർ കോളനിയിലെ സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടിയാണ് 15 വയസ്സുകാരനായ ഷെയ്ഖ് റിസ്വാൻ ആത്മഹത്യ ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെയാണ്, അഞ്ച് ദിവസങ്ങൾക്ക് ശേഷം, ജൂലൈ 24-ന് ഹൻസികയും മിയാപൂരിലെ തന്റെ അപ്പാർട്ട്മെന്റിന്റെ മുകളിൽ നിന്ന് ചാടിയ ആത്മഹത്യ നടത്തിയത്.
ക്ലിനിക്കുകളുടെ പേരുമാറ്റുന്നതിനെതിരെ ബിജെപി
ജാർഖണ്ഡിലെ അടല്‍ മൊഹല്ല ക്ലിനിക്കുകളുടെ പേര് മദര്‍ തെരേസ അഡ്വാന്‍സ്ഡ് ക്ലിനിക്കുകളായി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ ബിജെപി രംഗത്ത്.
നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലിരിക്കുള്ളവർക്കായുള്ള ആരോഗ്യം സംരക്ഷിക്കാൻ സ്ഥാപിച്ച അടല്‍ മൊഹല്ല ക്ലിനിക്കുകളുടെ പേരാണ് വ്യാഴാഴ്ച സർക്കാർ മാറ്റാൻ തീരുമാനിച്ചത്.
ഈ നീക്കം മതപരിവര്‍ത്തനത്തിന് പ്രോത്സാഹനം നൽകുന്നതിനാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ അമര്‍ കുമാരി ബൗരി ആരോപിച്ചു.
ജാർഖണ്ഡ് സംസ്ഥാനത്തെ രൂപകൽപന ചെയ്ത മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പാരമ്പര്യത്തെ അപമാനിക്കുന്നതും ഇത്തരം നീക്കങ്ങൾ വഴി ചെറുതാക്കുന്നതുമാണെന്ന് അവർ ആരോപിച്ചു.
സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെ മതപരിവര്‍ത്തനം നടപ്പിലാക്കാനുള്ള ഗൂഢാലോചനയാണ് ഇതിന്റെ പിന്നിൽ എന്നാണു ആരോപണം.
മദര്‍ തെരേസ ബുദ്ധിമുട്ടുകളില്‍ കഴിയുന്നവർക്കായി നടത്തിയ സേവനങ്ങള്‍ പ്രശംസനീയമാണെന്ന് അമര്‍ കുമാരി ബൗരി പറഞ്ഞു.
എന്നാല്‍ മദര്‍ തെരേസയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ക്ക് കുട്ടികളെയും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ചില ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ പാഠ പുസ്തകങ്ങളിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി എന്‍സിഇആര്‍ടി. ഹയര്‍ സെക്കന്‍ഡറി പ്രത്യേക പാഠഭാഗമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ആലോചന.
പാഠഭാഗം തയാറാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അവസാനഘട്ടത്തിലാണ് എന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിനു പുറമെ എങ്ങനെയാണ് രാജ്യങ്ങള്‍ അതിര്‍ത്തി ഭീഷണികളെ നേരിടുക, ഇത്തരം സമയങ്ങളിലെ നയതന്ത്രം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയവയും പാഠഭാഗത്ത് ഉള്‍പ്പെടുത്തും.
ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടത്.
ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് 7ന് പാകിസ്ഥാനിലേയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ പേര് നൽകിയിരുന്നത്.
ബഹവല്‍പൂര്‍, മുരിഡ്‌കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യയുടെ ആക്രമണം നടന്നത്. ബഹാവല്‍പൂരിലെ ജെയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്‌കെയിലെ ലഷ്‌കര്‍ ആസ്ഥാനവും ഇന്ത്യ തകര്‍ത്തിരുന്നു.
രാജ്യത്തെ ” മിഗ് 21” യുഗാന്ത്യം
ആറു പതിറ്റാണ് നീണ്ട എല്ലാ സംഘർഷങ്ങളിലും രാജ്യത്തിന്റെ കുന്തമുനയായിരുന്ന മിഗ് 21 സെപ്റ്റംബറിൽ വിരമിക്കുന്നു.
സെപ്റ്റംബർ 19 ന് ചണ്ഡീഗഡ് വ്യോമതാവളത്തിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി റഷ്യൻ നിർമിത ഫൈറ്റർ ജെറ്റ് ഇന്ത്യൻ വ്യോമസേനയോട് വിടപറയും.
നിലവിൽ മിഗ് 21 ബൈസണിന്റെ രണ്ട് സ്‌ക്രാഡ്രണുകളാണ് സജീവമായിട്ടുള്ളത്. 1963 ലാണ് വ്യോമസേന മിഗ് 21 നെ ഏറ്റെടുക്കുന്നത്.
ഇതിന് ശേഷം ടൈപ്പ് -77, ടൈപ്പ് 96 , ബിഎഎസ്, ബൈസൺ തുടങ്ങി 700 ൽ അധികം മിഗ് 21 വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായിട്ടുണ്ട്.
22 ൽ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പകരം വരാനുള്ള യുദ്ധ വിമാനങ്ങളുടെ കുറവുമൂലം വിരമിക്കൽ നീട്ടിവെച്ചു. 2017 നും 2024 നും ഇടയിൽ നാലു മിഗ് സ്‌ക്വാഡ്രണുകൾ പിൻവലിക്കുകയുണ്ടായി.
സിംഗിൾ എൻജിൻ, സിംഗിൾ സീറ്റർ മൾട്ടിറോൾ ഫൈറ്റർ/ ഗ്രൗണ്ട് അറ്റാക്ക് എയർക്രാഫ്റ്റ് വിമാനമാണ് മിഗ് 21.
വിവിധ ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി വിമാനത്തെ ഇടക്കാലത്ത് കൂടുതൽ കരുത്തുറ്റതാക്കിയെങ്കിലും സ്പീഡും ഭാരവാഹക ശേഷിയും വർധിപ്പിക്കാൻ കഴിഞ്ഞില്ല.
മണിക്കൂറിൽ 2230 കിലോമീറ്ററാണ് പരമാവധി വേഗത. രാജ്യം നേരിട്ട വിവിധ സംഘർഷങ്ങളിൽ മികച്ച പ്രകടനം നേരിട്ടെങ്കിലും അപകടങ്ങൾ ഇവയ്ക്ക് പറക്കുന്ന ശവപ്പെട്ടി എന്ന പേര് നേടിക്കൊടുത്തു.