തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെ തുടർന്ന് സർവ്വതും നഷ്ടപ്പെട്ട വയനാട് മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ദുരിത ബാധിതർക്ക് കൈത്താങ്ങാകണമെന്ന് ബാങ്കുകളോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത സമയത്ത് യാന്ത്രികമായി പെരുമാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പലിശ ഇളവോ അവധി നീട്ടിക്കൊടുക്കലോ മതിയാവില്ലെന്നും, ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും ബാങ്കുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.(Chief Minister asks banks to write off loans of disaster victims)
കേരള സഹകരണബാങ്കിന്റെ മാതൃകാപരമായ നിലപാട് മറ്റു ബാങ്കുകളും പിന്തുടരണം. ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍നിന്ന് ചൂരല്‍മലയിലെ ഗ്രാമീണ്‍ ബാങ്ക് വായ്പയുടെ ഇഎംഐ പിടിച്ചത് ശരിയല്ല. ദുരന്തസമയത്ത് യാന്ത്രികമായി പെരുമാറരുത്. പ്രദേശത്തെ ജനങ്ങളുടെ വായ്പയാകെ എഴുതിത്തള്ളുക എന്നതാണ് ചെയ്യാന്‍ കഴിയുന്ന കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമിതിയിലെ ഒരു ബാങ്കിനും താങ്ങാനാവാത്ത കാര്യമല്ല ഇത്. ആകെ ഇടപാടിന്റെ ചെറിയ തുക മാത്രമേ വരുന്നുള്ളൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.