പാലക്കാട്: പോത്തുണ്ടിയിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല ചെയ്തതും തുടർന്ന് ഒളിവിൽ പോയതുമെല്ലാം പ്രതി പൊലീസിനോട് വിവരിച്ചു. നാട്ടുകാരുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ കനത്ത പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ്. നാളെ മൂന്ന് മണി വരെയാണ് ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ഉച്ചക്ക് 12ഓടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. തിരുത്തമ്പാടം ബോയൻനഗറിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്തേക്കാണ് പൊലീസ് ചെന്താമരയെ ആദ്യം കൊണ്ടുപോയത്. വെട്ടിക്കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഒരു കൂസലുമില്ലാതെയാണ് പ്രതി വിവരിച്ചു നൽകിയത്. തുടർന്ന് ഒളിവിൽ കഴിഞ്ഞ കനാലും ഇയാൾ കാണിച്ചുകൊടുത്തു.
നാട്ടുകാരെ തെളിവെടുക്കുന്ന ഇടങ്ങളിലേക്ക് വരാൻ അനുവദിച്ചില്ല. ഡ്രോൺ നിരീക്ഷണവുമുണ്ടായിരുന്നു. 300ലേറെ പൊലീസുകാരെയാണ് സുരക്ഷക്കായി മേഖലയിൽ നിയോഗിച്ചത്. തെളിവെടുപ്പിന് ശേഷം ചെന്താമരയെ ആലത്തൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് രാത്രിയും നാളെയും കൂടുതൽ ചോദ്യം ചെയ്യൽ നടക്കും.
ജനുവരി 27ന് രാവിലെയാണ് അയൽവാസികളായ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻനഗറിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് ചെന്തമാര പിടിയിലായത്.