ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ് ടെസ്റ്റിൽ വൻ മാറ്റങ്ങൾ വരുത്തി മോട്ടോർ വാഹന വകുപ്പ്.
ഇപ്പോൾ മുതൽ 20 ചോദ്യങ്ങൾക്ക് പകരം 30 ചോദ്യങ്ങളാണ് ലേണേഴ്‌സ് ടെസ്റ്റിൽ ഉണ്ടാകുക. 30 ചോദ്യങ്ങളിൽ 18 എണ്ണം ശരിയാക്കുന്നവർക്ക് മാത്രമേ പാസാകാൻ കഴിയൂ. മുൻപ് 20 ചോദ്യങ്ങളിൽ 12 ശരിയുത്തരങ്ങൾ മതിയായിരുന്നു.
ഉത്തരങ്ങൾ നൽകാനുള്ള സമയപരിധിയിലും മാറ്റമുണ്ട്. ഇനി ഒരു ചോദ്യത്തിന് 30 സെക്കൻഡിനുള്ളിൽ ഉത്തരം നൽകിയാൽ മതി.
മുൻപ് 15 സെക്കൻഡ് മാത്രമാണ് സമയം അനുവദിച്ചിരുന്നത്. പുതിയ പരിഷ്‌കരണങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
പരിശീലനത്തിനും മോക്ക് ടെസ്റ്റിനുമായി ‘എംവിഡി ലീഡ്‌സ്’ എന്ന പുതിയ ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. ലേണേഴ്‌സ് ടെസ്റ്റിനുള്ള സിലബസ് ഈ ആപ്പിൽ ലഭിക്കും.
കൂടാതെ, ആപ്പിൽ നടത്തുന്ന റോഡ് സേഫ്റ്റി ടെസ്റ്റ് വിജയകരമായി പാസാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും.
സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ഡ്രൈവിംഗ് ടെസ്റ്റിന് മുമ്പുള്ള നിർബന്ധിത റോഡ് സേഫ്റ്റി ക്ലാസുകളിൽ പങ്കെടുക്കേണ്ടതില്ല. നേരിട്ട് റോഡ് ടെസ്റ്റിലേക്ക് പോകാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
ഡ്രൈവിംഗ് സ്കൂളുകളിലെ പരിശീലകർക്കും റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അവർക്ക് ‘ലീഡ്‌സ്’ ആപ്പിലൂടെ ടെസ്റ്റ് പാസാകണം.
കൂടാതെ, മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാർക്കും ഈ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
ഹാവൂ, അങ്ങിനെ അതിനൊരു തീരുമാനമായി; ലേണേഴ്‌സ് പരീക്ഷ പാസായവർക്ക് ഇനി ലൈസൻസ് ലഭിക്കും; ക്രമീകരണവുമായി മോട്ടോർ വാഹന വകുപ്പ്
ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് സംബഞ്ചിച്ച് അടുത്ത കുറെ നാളുകളായി കേരളത്തിൽ അനിശ്ചിതത്വങ്ങൾ തുടരുകയാണ്.
എന്നാൽ ഇതിനൊരു പരിഹാരവുമായി മോട്ടോർ വാഹന വകുപ്പ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങൾ കരാറിനെടുത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടൊരുക്കാനാണു മോട്ടോർ വാഹന വകുപ്പിന്റെ നീക്കം.
ജില്ലയിലെ വിവിധ ഡിപ്പോകളുടെ സമീപത്ത് കിടക്കുന്ന സ്ഥലങ്ങൾ ഇത്തരത്തിൽ ഏറ്റെടുത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ വേദിയൊരുക്കാനാണ് നീക്കം.
10 സെന്റ് വീതം സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഏകദേശം പൂർത്തിയായി. കൂടുതൽ ഡിപ്പോകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകളും ആരംഭിച്ചുകഴിഞ്ഞു.
ഹ്രസ്വകാല കരാർ അടിസ്ഥാനത്തിലായിരിക്കും സ്ഥലങ്ങൾ ഏറ്റെടുക്കുക. നിലവിൽ മൂന്നിടങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റ് പ്ലാറ്റ് ഫോം എം.വി.ഡി ഒരുക്കും.
തേവര, പറവൂർ, അങ്കമാലി എന്നീ ഡിപ്പോകളിലെ സ്ഥലങ്ങളാണ് ലഭ്യമാക്കുക. ഹ്രസ്വകാല കരാർ നിലവിൽ വന്നാൽ രണ്ടു മാസത്തിനകം ആധുനിക ടെസ്റ്റ് ഗ്രൗണ്ടൊരുക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഇതൊക്കെയാണെങ്കിലും സൗകര്യങ്ങൾ ഒരുക്കാനുള്ള ഫണ്ട് സർക്കാരിൽ നിന്ന് ലഭ്യമാക്കുക എന്നതാണ് ഏറ്റവും വലിയ കടമ്പ.