മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് വൻ അഴിച്ച് പണി. കഴിഞ്ഞ 25 വർഷത്തോളമായി അമ്മ സംഘടനയിൽ വിവിധ പദവികൾ നയിച്ച ഇടവേള ബാബു ഭാരവാഹിയാകാൻ ഇല്ലെന്ന നിലപാട് എടുത്തെന്നാണ് റിപ്പോർട്ട്. നിലവിൽ ജനറൽ സെക്രട്ടറിയാണ് ഇടവേള ബാബു. ഇടവേള ബാബു സ്ഥാനം ഒഴിയുന്നതോടെ മോഹൻലാലും സെക്രട്ടറി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
ജൂൺ 30ന് ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കുക. നിലവിൽ സംഘടനയിൽ 506 പേർക്കാണ് വോട്ടവകാശമുള്ളത്. ജൂൺ മൂന്ന് മുതൽ പത്രികകൾ സ്വീകരിച്ച് തുടങ്ങും. കാൽ നൂറ്റാണ്ടുകാലത്തോളം അമ്മയെ നയിച്ച ഇടവേള ബാബു നേതൃസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രത്യേകത. താൻ ഇനി നേതൃസ്ഥാനത്ത് ഉണ്ടാകില്ലെന്ന് ഇടവേള ബാബുവും ഒരു മാദ്ധ്യമത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു മാറ്റം അനിവാര്യമാണെന്നും ഞാൻ ആയിട്ട് മാറിയാലെ നടക്കൂ എന്നും അദ്ദേഹം പറഞ്ഞു. പുതിയ ആൾക്കാർ വരാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണയും ഇടവേള ബാബു നേതൃസ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയുടെ വികാരഭരിതമായ വാക്കുകൾക്ക് മുന്നിൽ തീരുമാനം മാറ്റുകയായിരുന്നു. ഇത്തവണ എത്ര സമ്മർദ്ദമുണ്ടായാലും നിലപാട് മാറ്റില്ലെന്നാണ് ഇടവേള ബാബു പറയുന്നത്.
1994ൽ ആണ് അമ്മ സംഘടന രൂപീകരിച്ചത്. 2021ൽ ആണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് മോഹൻലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മറ്റിയിലേക്കും അന്ന് മത്സരമുണ്ടായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ലാലും വിജയ് ബാബുവും അട്ടിമറി ജയം നേടിയിരുന്നു.
Read More: പത്മജ ഛത്തീസ്ഗഢ് ഗവര്‍ണർ ആയേക്കും; തീരുമാനം തിരഞ്ഞെടുപ്പ് ഫലം വന്നശേഷം
Read More: ദക്ഷിണേന്ത്യയില്‍ എത്ര കാട്ടാനകൾ?; മൂന്ന് സംസ്ഥാനങ്ങൾ ചേർന്ന് മൂന്നു രീതിയിൽ കണക്കെടുപ്പ് തുടങ്ങി









