ചങ്ങനാശ്ശേരിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. പുറത്തിറങ്ങാൻ പോലും ഭീതിയിലാണ് ജനങ്ങൾ. രാത്രിയായാൽ നായകളുടെ ശല്യം വളരെ കൂടുതലാണ്. തെരുവുനായ്ക്കൾ കൂട്ടമായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്നത് പതിവാണ്. കൂട്ടത്തിനിടയിൽ കടി പിടി ഉണ്ടാവുകയും വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടി വീഴുകയുമാണ്. Changanassery struggles with street dog nuisance
എസി റോഡിൽ ഒന്നാം പാലം– പാറയ്ക്കൽ കലുങ്ക് ഭാഗങ്ങൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, ബൈപാസ് റോഡ്, വാഴൂർ റോഡിൽ പാറേപ്പള്ളി ജംക്‌ഷൻ, ആനന്ദാശ്രമം, ചങ്ങനാശേരി മാർക്കറ്റ്, വണ്ടിപ്പേട്ട, മാമ്മൂട്, തെങ്ങണ ജംക്‌ഷൻ, വാലടി, ഈര, തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലായും തെരുവുനായകളുടെ ശല്യമുള്ളത്. പലപ്പോഴും ഇവയുടെ മുന്നിൽ നിന്നും ഓടിയാണ് രക്ഷപെടുന്നതെന്നും നാട്ടുകാർ പറയുന്നു.
ഇടവഴികളിലും പൊതുവഴികളിലും തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകമാണ്. വാഹനങ്ങൾക്ക് മുൻപിലേക്ക് തെരുവുനായ്ക്കൾ ചാടിയുണ്ടാക്കുന്ന അപകടം പതിവ്. നായ്ക്കൾ പെറ്റുപെരുകിയിട്ടും നിയന്ത്രണത്തിനുള്ള നടപടികളൊന്നും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ഏറ്റവുമൊടുവിൽ പുതുവത്സര ദിനത്തിന് തലേന്ന് രാത്രിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയ പെൺകുട്ടിക്ക് നേരെ തെരുവുനായ പാഞ്ഞടുക്കുകയുണ്ടായി. സമീപത്തുണ്ടായിരുന്ന ആളുകൾ ബഹളം വെച്ച് നായയെ ഓടിച്ചതോടെയാണ് പെൺകുട്ടിക്ക് കടിയേൽക്കാതെ രക്ഷപെട്ടത്. ഇത്തരം സംഭവങ്ങൾ നഗരത്തിൽ പതിവാണ്.
അടുത്തയിടെ എസി റോഡിൽ ഒന്നാം പാലത്തിനു സമീപം വെളിയനാട് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിന് മുൻപിലേക്ക് തെരുവുനായ വട്ടം ചാടി ദമ്പതികൾക്ക് ഗുരുതര പരുക്കേറ്റിരുന്നു. അപകടത്തിൽ ഭർത്താവിന്റെ കൈ ഒടിയുകയും ഭാര്യ മുഖത്ത് പരുക്കേൽക്കുകയും ചെയ്തു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ശസ്ത്രക്രിയകൾക്ക് ശേഷം ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്.
ജനറൽ ആശുപത്രിയിൽ തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ദിവസവും ചികിത്സ തേടുന്നവരും ഏറെ. നഗര ഗ്രാമ വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനുള്ള അനിമൽ ബെർത്ത് കൺട്രോൾ പദ്ധതി ഇപ്പോഴും ഫയലിൽ തന്നെയാണ്.