കോട്ടയം: രാജ്യസഭയിൽ ഒഴിവ് വരുന്ന സീറ്റുകളിൽ കേരള കോൺഗ്രസ് എമ്മിന് ഇടതുമുന്നണി സീറ്റ് നൽകിയേക്കില്ലെന്ന് സൂചന. വിജയസാധ്യതയുള്ള രണ്ടു സീറ്റുകളിലൊന്നിൽ സിപിഎമ്മും മറ്റേതിൽ സിപിഐയും മത്സരിച്ചേക്കും. സിപിഎമ്മിന്റെ എളമരം കരിമും സിപിഐയുടെ ബിനോയ് വിശ്വവും കേരള കോൺഗ്രസ് എമ്മിൻ്റെ ജോസ് കെ മാണിയുമാണ് ജൂലൈ ഒന്നിന് ഒഴിയുന്നത്.
സിപിഐക്ക് സീറ്റ് നൽകി, കേരള കോൺഗ്രസ് എമ്മിനെ മറ്റെന്തെങ്കിലും പദവി നൽകി അനുനയിപ്പിക്കാം എന്നാണ് സിപിഎം നേതൃത്വം ആലോചിക്കുന്നത്. ജൂൺ 25 നാണ് മൂന്ന് സീറ്റുകളിലേക്ക് ഉള്ള ഒഴിവിൽ തെരഞ്ഞെടുപ്പ് നടക്കുക. കേരള കോൺഗ്രസ് എമ്മിനെ അനുനയിപ്പിക്കുനുള്ള ഫോർമുല സിപിഎം തയ്യാറാക്കുന്നുണ്ടന്നാണ് സൂചന. ആർജെഡിയും സീറ്റ് ആവശ്യമായി രംഗത്തുള്ളതും മുന്നണി നേതൃത്വത്തിന് തലവേദനയാണ്.
നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് രണ്ട് സീറ്റുകളിലാണ് ഇടതുമുന്നണിക്ക് ജയപ്രതീക്ഷയുള്ളത്. ജയിക്കാൻ കഴിയുന്ന രണ്ടിൽ ഒരു സീറ്റ് സിപിഎം ഏറ്റെടുക്കും. അടുത്ത സീറ്റിലേക്കാണ് സി പിഐയും കേരള കോൺഗ്രസ് എമ്മും ആർ ജെ ഡിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
രാജ്യസഭാ സീറ്റ് വിട്ടു നൽകാൻ കേരള കോൺഗ്രസ് തയ്യാറാവുന്നില്ല. സിപിഎമ്മിന് സിപിഐയെ പിണക്കാനും കഴിയില്ല.അതുകൊണ്ട് കേരള കോൺഗ്രസിനെ അനുനയിപ്പിക്കാൻ വേണ്ടിയുള്ള ചില ഫോർമുലകൾ സി പി എം തയ്യാറാകുന്നുണ്ടെന്നാണ് സൂചന. അതിൽ കേരള കോൺഗ്രസ് എം വഴങ്ങുമോ എന്ന കാര്യത്തിൽ നേതൃത്വത്തിന് വ്യക്തതയില്ല.
അപ്പോഴും ആർജെ ഡി യുടെ പിണക്കം പരിഹരിക്കാൻ ഉള്ള ഫോർമുല സിപിഎം നേതൃത്വത്തിൽ ഉരുത്തിരിഞ്ഞില്ല. മുന്നണിയിലെ അവഗണന ഇനിയും സഹിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് ആർജെഡി ഉള്ളത്. അതുകൊണ്ട് അടുത്ത തദ്ദേശ തെ രഞ്ഞടുപ്പിന് മുൻപ് ആർ ജെ ഡി യുടെ മുന്നണി മാറ്റം അടക്കമുള്ള സംഭവങ്ങൾ ഉണ്ടായാലും അത്ഭുതപ്പെടാനില്ല.
Read Also:ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം