തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ്, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
രണ്ടിടത്താണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിന് മുകളിലായുമാണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. മഴ സാഹചര്യം ഒറ്റയടിക്ക് മാറാന്‍ ഈ ചക്രവാതച്ചുഴികള്‍ കാരണമായി. മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നതും തീവ്രമഴയ്ക്ക് കാരണമാകും. പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായാണ് ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. തെക്കന്‍ മാഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ജൂലൈ ആറ് വരെ വ്യപക മഴയ്ക്ക് സാധ്യതയുണ്ട്.