അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. പാലക്കാട് ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴയിൽ രാത്രി താപനില ഉയരുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. മുന്നറിയിപ്പുള്ള ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും കാലാവസ്ഥാ വിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണയെക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയായിരിക്കും ഉണ്ടായിരിക്കുക. പാലക്കാട് ജില്ലയിലെ ഉയർന്ന താപനില 41ഡിഗ്രി സെൽഷ്യസും, തൃശൂരിൽ 40, കൊല്ലം 39 ഡിഗ്രി സെൽഷ്യസുമാണ്.
Read More: തെരഞ്ഞെടുപ്പ് കാലത്തെ പരാമർശങ്ങൾ പറഞ്ഞു തീർത്തു; മാതൃകയായി ഈ സ്ഥാനാർത്ഥികൾ