ചൂടൻ ചായ വിറ്റ് വളർന്ന ‘ചായ് പോയിന്റ്’ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബംഗളുരു ആസ്ഥാനമായ കമ്പനി അടുത്ത വർഷം ഐപിഒയുമായി രംഗത്തെത്തുമെന്ന് സഹസ്ഥാപകനായ കരൺ ഖന്ന പറഞ്ഞു.
ദിവസേന ദശലക്ഷക്കണക്കിന് ചായയും സ്‌നാക്‌സും വിറ്റ് ഭക്ഷ്യവിപണിയിൽ സജീവ സാന്നിധ്യമായ കമ്പനി 2010 ലാണ് പ്രവർത്തനം തുടങ്ങിയത്. വിവിധ രുചികളിലുള്ള ചായയും പലതരം സ്‌നാക്കുകളുമായി ചായപ്രേമികളുടെ പ്രിയപ്പെട്ട ഇടമാണ് ചായ് പോയിന്റ്. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്ന കരൺ ഖന്നയാണ് സ്ഥാപനത്തിന്റ മുഖ്യശിൽപ്പി.
170 ഷോപ്പുകളുണ്ട്, ദിവസേന 9 ലക്ഷം ചായയാണ് ചായ്‌പോയിന്റ് വിൽക്കുന്നത്. അതോടൊപ്പം അത്രതന്നെ സ്‌നാക്കുകളും വിൽക്കുന്ന. ഇത്തവണ കുംഭമേളയോട് അനുബന്ധിച്ച് പ്രയാഗ് രാജിൽ ഒറ്റ ദിവസം ഒരു ലക്ഷം ചായ വിറ്റ് ചായ്പോയന്റ് വാർത്തകളിൽ ഇടം നേടിയിരുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഷോപ്പുകളുടെ എണ്ണം 300 ആക്കി വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലുള്ള 170 ഷോപ്പുകളിൽ 60 എണ്ണത്തിലും ഇരുന്ന് ചായകുടിക്കുന്നതിനുള്ള സൗകര്യമുണ്ട്. ബാക്കിയെല്ലാം വാക്ക് ഇൻ സ്റ്റോറുകളാണ്.
2009 ൽ മുബൈയിലെ തെരുവിൽ തന്റെ ശിഷ്യനുമൊത്ത് ചായ കുടിക്കാൻ പോയപ്പോഴാണ് കരൺ ഖന്നയുടെ മനസിൽ ചായ്‌പോയിന്റിന്റെ ആശയമുദിച്ചത്. റോഡരുകിലെ ചെറിയ ചായക്കടയിൽ വൃത്തിഹീനമായ രീതിയിൽ ചായ വിൽക്കുന്ന ബാലനിൽ നിന്നായിരുന്നു തുടക്കം.
എന്നാൽ തെരുവിലെ ചായക്ക് ആവശ്യക്കാരേറെയുള്ള ഇന്ത്യയിൽ വൃത്തിയുള്ളതും രുചികരവുമായ ചായ നൽകുന്നതിനെ കുറിച്ചായി ചിന്ത. 2010 ൽ ബംഗളുരിവിലെ കോറമംഗലയിൽ ആദ്യത്തെ ഷോപ്പ് തുറന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിപണിയിൽ പുതിയ സംസ്‌കാരം വളർത്തുന്നതിൽ ചായ്‌പോയിന്റ് വിജയിച്ചു.