വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് സിഗരറ്റ് വലിച്ചമലയാളിക്കെതിരെ കേസ്. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കലിന് (26) എതിരെയാണ് കേസ് എടുത്തത്. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം.
ശുചിമുറിയിൽ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെയാണ് ജീവനക്കാർ പരിശോധന നടത്തിയത്. പിന്നാലെ ശുചിമുറിയിൽ നിന്ന് സിഗരറ്റ് കുറ്റി കണ്ടെത്തി. ഇതോടെ പുകവലിച്ചത് താനാണെന്ന് മുഹമ്മദ് സമ്മതിച്ചു. യുവാവിന്റെ പോക്കറ്റിൽ നിന്ന് ആറ് സിഗരറ്റുകളാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
വിമാനത്തിൽ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നു എന്നാണ് ഇയാൾ ഇൻഡിഗോ ജീവനക്കാർക്ക് നൽകിയ വിശദീകരണം. വിമാനം മുംബൈയിൽ എത്തിയപ്പോൾ യുവാവിനെ തുടർനടപടികൾക്കായി സുരക്ഷാ ജീവനക്കാർക്ക് കൈമാറി. തുടർന്ന് സഹാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കേസെടുത്ത ശേഷം നോട്ടീസ് നൽകി ഇയാളെ വിട്ടയച്ചു.