14 പ്രതികൾക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്
തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ കെഎസ്‌യു തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പോലീസ്. ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ ഉൾപ്പെടെ 14 പ്രതികൾക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ കേരള വർമ്മ കോളേജ് യൂണിറ്റ് സെക്രട്ടറി ആശിഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.(Case against KSU Thrissur district president)
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴി ആംബുലൻസ് തടഞ്ഞ സംഭവത്തിലും കൊരട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർ വൈഭവവിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മാളയിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെയാണ് സംഘർഷം നടന്നത്. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ചുവിട്ടെന്നാണ് എസ്എഫ്ഐയുടെ ആരോപണം.