മലപ്പുറം: അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെയും കേസെടുത്ത് പോലീസ്. അരീക്കോട് സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. കളി കാണാൻ എത്തിയപ്പോൾ മർദിച്ചെന്നാണ് പരാതി. ഭീഷണിപ്പെടുത്തൽ, മർദിക്കൽ,അസഭ്യം പറയൽ,തുടങ്ങിയ വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയത്.
അതേസമയം കാണികൾ വംശീയാധിക്ഷേപം നടത്തി എന്നായിരുന്നു ഐവറി കോസ്റ്റ് താരത്തിന്റെ ആരോപണം. തന്നെ കല്ലെറിഞ്ഞെന്നും ഇതിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനിടെ മർദിച്ചെന്നും കാണിച്ച് ഹസന്‍ ജൂനിയര്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കളിക്കിടെ കോൺറെടുക്കാൻ പോയ തന്നെ കാണികൾ കുരങ്ങനെന്ന് വിളിച്ചെന്നും ഒരാൾ കല്ലെറിഞ്ഞെന്നുമാണ് ഹസൻ ജൂനിയർ പരാതിൽ പറയുന്നത്. തിരിഞ്ഞുനിന്ന തന്‍റെ നേരെ ഇയാൾ വീണ്ടും കല്ലെറിഞ്ഞു. വംശീയാധിക്ഷേപം തുടർന്ന് കല്ലെറിഞ്ഞതോടെ താൻ അവിടെ നിന്ന് പോയി. ഇതിനിടെ എതിർ ടീമിന്‍റെ മാനേജ്മെന്‍റും കാണികളും തന്നെ ആക്രമിച്ചെന്നും എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
അരീക്കോട്ടിൽ പ്രാദേശിക കൂട്ടായ്മയായ ടൗൺ ടീം ചെമ്രകാട്ടൂർ സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്‍റിനിടെയാണ് സംഘർഷമുണ്ടായത്. ജവഹർ മാവൂരിന്‍റെ താരമായ ഹസൻ ജൂനിയർ ന്യൂലാല പൂക്കൊളത്തൂർ എന്ന ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു.മത്സരത്തിനിടെ കാണികളോട് താരം മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദനം നടന്നത്.
Read Also: ബൈജൂസിനു വീണ്ടും തിരിച്ചടി: 442 കോടി രൂപ അക്കൗണ്ടിൽ മരവിപ്പിക്കണമെന്ന് അമേരിക്കൻ കോടതി