സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസ്. എറണാകുളം എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്നാരോപിച്ച് 2022ൽ നടി സനൽ കുമാറിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ നേരത്തെ പോലീസ് കേസ് എടുത്തിരുന്നു. Case against director Sanalkumar Sasidharan
സോഷ്യൽ മീഡിയ വഴി അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതികളും സനൽകുമാർ ശശിധരനെതിരെയുണ്ട്. ഇതിൽ 354D വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, നിരീക്ഷിക്കുക എന്നിവയാണ് സനൽകുമാർ ശശിധരന് മേൽ ചുമത്തപ്പെട്ടത്.
നേരത്തെ, നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സനലിന് ജാമ്യം അനുവദിച്ചത്. 2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നുവെന്നാണ് നടിയുടെ പരാതി.
സോഷ്യൽ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും നടി പരാതിയിൽ പറഞ്ഞിരുന്നു.