ഹൃദ്രോഗ വിദഗ്ധന്റെ മരണം ഹൃദയാഘാതം മൂലം
ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക് സർജൻ മരിച്ചു. ചെന്നൈയിലെ സവീതാ മെഡിക്കൽ കോളേജിൽ ഡോക്ടറായ ഗ്രാഡ്ലിൻ റോയ്(39) ആണ് മരിച്ചത്. ആശുപത്രിയിൽ ഡ്യൂട്ടിയുടെ ഭാഗമായുള്ള റൗണ്ട്സിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഡോക്ടർ കുഴഞ്ഞുവീണതിന് പിന്നാലെ സഹപ്രവർത്തകരായ മറ്റു ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്രായ ഡോ. സുധീർ കുമാർ എക്സിൽ കുറിച്ചു.
സിപിആർ, ആൻജിയോപ്ലാസ്റ്റി, ഇൻട്രാ അയോട്ടിക് ബലൂൺ പമ്പ്, ECMO എന്നിവയൊക്കെ ചെയ്തു. എന്നാൽ ഇടതുഭാഗത്തെ പ്രധാന ധമനിയിൽ 100 ശതമാനം ബ്ലോക്ക് ആയിരുന്നതിനാൽ ഹൃദയസ്തംഭനത്തെ തടുക്കാനായില്ലെന്നും ഡോ. സുധീർ വ്യക്തമാക്കി.
അതേസമയം ഗ്രാഡ്ലിന്റെ മരണം ഒറ്റപ്പെട്ട സംഭവം അല്ലെന്നും മുപ്പതുകളിലും നാൽപതുകളിലുമുള്ള ഡോക്ടർമാർ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ നിരക്ക് കൂടുകയാണെന്നും അദ്ദേഹം പറയുന്നു. വിശ്രമമില്ലാത്ത ജോലിയാണ് ഇത്തരം മരണങ്ങൾക്കുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ദിവസേന പന്ത്രണ്ടും പതിനെട്ടും മണിക്കൂറുകളാണ് ഡോക്ടർമാർ ജോലി ചെയ്യുന്നത്. ചില സമയങ്ങളിൽ സിംഗിൾ ഷിഫ്റ്റ് പോലും 24 മണിക്കൂറായി നീണ്ടുപോകാറുണ്ടെന്നും ഡോക്ടർ പറയുന്നു. ഇവയ്ക്കു പുറമെ ഹൃദ്രോഗസാധ്യത കൂട്ടുന്നുവെന്ന് ഡോ. സുധീർ കുമാർ പറയുന്നു.
ഇതിനൊപ്പം അനാരോഗ്യകരമായ ജീവിതശൈലി, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത്, വ്യായാമം ചെയ്യാതിരിക്കുന്നത്, ഹെൽത്ത് ചെക്കപ്പുകൾ മുടക്കുക തുടങ്ങിയവയൊക്കെ രോഗസാധ്യത വർധിപ്പിക്കുന്നതിന് കാരണമാകാറുണ്ട്.
കൂടാതെ പല ഡോക്ടർമാരും വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുമായി കഴിയുമ്പോഴും അതിന് വിദഗ്ധസഹായം തേടാൻ മടിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോക്ടർമാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
രോഗികൾക്ക് കൊടുക്കുന്ന അതേ പ്രാധാന്യത്തോടെ തന്നെ സ്വന്തം ആരോഗ്യത്തിനും പ്രാധാന്യം നൽകുക
ബി.പി., ഡയബറ്റിസ്. കൊളസ്ട്രോൾ തുടങ്ങിയവ ഇടയ്ക്കിടെ പരിശോധിക്കുക.
ഏഴു മണിക്കൂർ ഉറക്കം കിട്ടുന്നുണ്ടെന്ന് കൃത്യമായി ഉറപ്പാക്കുക.
ദിവസവും മുപ്പത് മിനിറ്റ് നടക്കുക അല്ലെങ്കിൽ സൈക്ലിങ് ചെയ്യുക
സന്തുലിതമായ ഭക്ഷണം, സമ്മർദത്തെ അതിജീവിക്കാനുള്ള മാർഗങ്ങൾ തേടുക
സഹപ്രവർത്തകരുടെ പിന്തുണയും പ്രധാനമാണ്
പ്രാരംഭ ഹൃദ്രോഗ സൂചനകൾ ഇവയൊക്കെ
ഹൃദ്രോഗം പോലെ തന്നെ ജീവിതശൈലീ പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുന്നവയാണ്.
ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ, ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുക്കും.
ചിലർക്ക് 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടുതുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.
എന്നാൽ, ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പക്ഷെ ഈ ലക്ഷണങ്ങളെയും ചിലപ്പോൾ തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്.
പിന്നാലെ വളരെ ക്ലാസിക്കലായ ഹൃദ്രോഗ ലക്ഷണങ്ങൾ ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗസൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്.
നടക്കുന്ന സമയത്ത് ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഒക്കെ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.
എന്നാൽ, ഇവയ്‌ക്കെല്ലാം മുൻപ് ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയണം. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ സൂചനകളാണ്.
ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടണം.
നെഞ്ചെരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്. ചെറിയ മുൻകരുതലുകൾ വലിയ ആപത്തിനെ ഒഴിവാക്കിയേക്കും.
Summary: In Tamil Nadu, cardiac surgeon Dr. Gradlin Roy (39) passed away following a heart attack. He collapsed during hospital rounds at Savitha Medical College in Chennai.