കൊടും ചൂടും ഇടുക്കിയിൽ അഞ്ചു മാസമായി മഴയില്ലാത്തതും മൂലം ഇടുക്കിയിലെ തോട്ടങ്ങളിൽ ഏലച്ചെടികൾ കരിഞ്ഞു തുടങ്ങി. ലക്ഷങ്ങൾ മുതൽമുടക്കിൽ പാട്ടത്തിനെടുത്തും വൻ തുക മുടക്കി നട്ടു പിടിപ്പിക്കുകയും ചെയ്ത ഏലച്ചെടികൾ കരിഞ്ഞതോടെ ഏലം കർഷകർ ആത്മഹത്യയുടെ വക്കിലുമായി. വേനൽ കടുത്തതോടെ ചെറുകിട തോട്ടം ഉടമകളാണ് ഏറെ പ്രതിസന്ധിയിലായത്. ഇവർക്ക് ഏലം ജലസേചനം നടത്താൻ വെണ്ട സൗകര്യങ്ങളില്ല. വൻകിട തോട്ടമുടമകൾക്ക് മാത്രമാണ് ജലസേചനത്തിന് ആവശ്യമായ പടുതാക്കുളങ്ങളും കുഴൽക്കിണറുകളുമുള്ളത്.
വേനലിൽ ഉത്പാദനം ഇടിഞ്ഞപ്പോൾ പതിവിന് വിപരീതമായി വലയിടിഞ്ഞതും കർഷകർക്ക് ഏറെ തിരിച്ചടിയായി. മൂന്നു മാസം മുൻപ് വരെ 2400 രൂപ ശരാശരി വിലയുണ്ടായിരുന്ന ഏലയ്ക്കായ്ക്ക് 1600 രൂപയാണ് നിലവിൽ ലഭിയ്ക്കുന്നത്. ഇതോടെ വേനലിൽ വില ഉയരുമെന്ന പ്രതീക്ഷയിൽ വലിയ തുകയ്ക്ക് ഏലം സംഭരിച്ച് വെച്ച വ്യാപാരികളും പ്രതിസന്ധിയിലായി. കാഞ്ചിയാറിൽ സംഭരിച്ച ഏലത്തിന് വില താഴ്ന്നതിനെ തുടർന്ന് പടുതാക്കുളത്തിൽ ചാടി കർഷകൻ ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായി.