ഉഷ്ണ തരംഗം ശക്തമായതോടെ മുൻ വർഷം വൻ തോതിൽ ഏലം കൃഷി നശിച്ചിരുന്നു. ആദ്യമായാണ് ഏലച്ചെടികൾ മൊത്തതോടെ കരിഞ്ഞു നശിക്കുന്ന അവസ്ഥ കർഷകർ നേരിട്ടത്. ഇത്തവണ ചൂടു വർധിച്ചതോടെ സമാന അവസ്ഥ നേരിടാനുള്ള തയാറെടുപ്പിലാണ് ഏലം കർഷകർ.
കൊടുംചൂട് മുന്നിൽക്കണ്ട് കർഷകരിൽ പലരും തോട്ടങ്ങളിലെ മരശിഖരങ്ങൾ വെട്ടി നീക്കിയിട്ടില്ല. മുഴുവൻ സമയവും വെയിലടിക്കുന്ന പ്രദേശങ്ങളിൽ പച്ചവല കെട്ടിയും പടുതാക്കുളങ്ങളിൽ പരമാവധി ജലം സംഭരിച്ചും കൂടുതൽ കുഴൽക്കിണറുകൾ കുത്തിയുമാണ് വേനലിനെ കർഷകർ പ്രതിരോധിയ്ക്കാൻ ശ്രമിക്കുന്നുണ്ട്.
കുഴൽക്കിണറുകൾ കുത്തുമ്പോൾ പലപ്പോഴും വെള്ളം ലഭിക്കാത്തതും ഭൂഗർഭജലത്തിന്റെ അളവ് താഴുന്നതും കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. വോൾട്ടേജ് ക്ഷാമമാണ് കർഷകരെ വലയ്ക്കുന്ന മറ്റൊരു പ്രതിസന്ധി. കാർഷിക വിളകൾക്കു ജലസേചനം നടത്തുന്നതിന് വൈദ്യുതി വോൾട്ടേജ് ക്ഷാമം മൂലം കഴിയുന്നില്ല. ജലസേചനം കാര്യക്ഷമമാകാത്തത് വലിയ തിരിച്ചടിയുണ്ടാക്കും.
പകൽ സമയത്ത് ഉൾപ്പെടെ ഉൾപ്രദേശങ്ങളിലെ ലൈനിൽ 70 വോൾട്ടിൽ താഴെയാണ് വോൾട്ടേജ് ഉള്ളത്. വോൾട്ടേജ്ക്ഷാമം രൂക്ഷമായതോടെ കർഷകരിൽ പലരും ജനറേറ്റർ ദിവസ വാടകയ്ക്ക് എടുത്ത് കാർഷിക വിളകൾക്ക് ജലസേചനം നടത്തുകയാണ്. കുഴൽകിണറുകളിൽ നിന്നും ആഴമേറിയ കിണറുകളിൽ നിന്നും കുടിവെള്ളം പമ്പ് ചെയ്യാൻ പറ്റാതായതോടെ കുടിവെള്ളവും വിലയ്ക്ക വാങ്ങേണ്ട അവസ്ഥയാണ് . ഇത് കർഷകർക്ക് ഏറെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്.
കൂടാതെ കൃഷിഭൂമിയിൽ കൂടി 50 വർഷങ്ങൾക്കു മുമ്പ് വലിച്ചിരിക്കുന്ന ലൈനുകൾ നിലവിൽ അപകടകരമായ അവസ്ഥയിലാണ്.ഇതിലൂടെ കാർഷിക മേഖലയിൽ തീപിടുത്ത സാധ്യതയും വർധിക്കുന്നു. എന്നാൽ പവർ കൂടിയ പമ്പും , എ.സി.യും തുടർച്ചയായി ഉപയോഗിക്കുമ്പോൾ ലോഡ് കൂടുതലാണെന്നും വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം വർധിച്ചത് വോൾട്ടേജ് ക്ഷാമത്തിന് കാരണമായെന്നുമാണ് കെ.എസ്.ഇ.ബി. അധികൃതർ പറയുന്നത്.