ബീജിങ്: ചൈനയിൽ കാർ പാഞ്ഞുകയറി വൻ അപകടം. 35 പേർ മരിക്കുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ചൈനയിലെ സുഹായ് നഗരത്തിലെ സ്പോർട്സ് സെന്ററിൽ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്.(Car rams into crowd at a sports center in China; 35 people killed)
62കാരൻ ഓടിച്ച കാർ ആണ് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയത്. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടർന്ന് പിടികൂടി. സംഭവ ശേഷം ഇയാൾ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. കത്തികൊണ്ട് കഴുത്തിൽ പരിക്കേൽപ്പിച്ച ഇയാൾ ആശുപത്രിയിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സുഹായ് എയർഷോയുടെ ഒരു ദിവസം മുൻപാണ് അപകടമുണ്ടായത്. നിരവധി പേർ സുഹായിലെ സ്പോർട്സ് സെന്ററിൽ ദിവസവും ഓടാനും ഫുട്ബാൾ കളിക്കാനും എത്താറുണ്ട്. അപകടത്തെ തുടർന്ന് സ്പോർട്സ് കേന്ദ്രം അടച്ചു.