താൽക്കാലിക വിദേശ തൊഴിലാളികളുടെ പ്രവേശനം വെട്ടിക്കുറച്ച് കാനഡ. പതിനായിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്നതാണ് തീരുമാനമെന്നാണ് വിലയിരുത്തൽ.Canada cuts entry of temporary foreign workers
തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്ക് നിയമിക്കാവുന്ന ജീവനക്കാരുടെ എണ്ണം കുറച്ചതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് തുടരുന്ന സ്ഥിരം താമസക്കാരുടെ എണ്ണവും കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട് എന്നാണ് വിവരം.
വിദേശ വിദ്യാർത്ഥികളുടെയും താൽക്കാലിക വിദേശ തൊഴിലാളികളുടെയും രാജ്യത്തേക്കുള്ള ഒഴുക്ക് കോവിഡിന് ശേഷം ശക്തമായതാണ് തീരുമാനത്തിന് പിന്നിൽ എന്നാണ് വിശദീകരണം.
താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൽ (TFWP) മൂന്ന് ഭേദഗതികൾ സർക്കാർ വരുത്തിയിട്ടുണ്ട്. സെപ്റ്റംബർ 26 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
നിർമാണം, കൃഷി, ഭക്ഷ്യ സംസ്കരണം, വിദ്യാഭ്യാസം, സാമൂഹിക സേവന മേഖലകൾക്ക് പുതിയ തീരുമാനം ബാധകമാകില്ല. ഈ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നതിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള സിഖ് വംശജരാണ്.
കനേഡിയൻ കമ്പനികൾ കുറഞ്ഞ ചെലവിൽ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതിനു പകരം സ്വദേശിവൽക്കരണത്തിന് പ്രാധാന്യം നൽകണമെന്നും പ്രധാനമന്ത്രി ട്രൂഡോ ചൂണ്ടിക്കാട്ടി.
തദ്ദേശീയവരായവർക്ക് തൊഴിൽ-സാങ്കേതിക വിദ്യകൾ കൈമാറേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വാചാലനായി.
കനേഡിയൻ പൗരത്വം (സ്ഥിരതാമസക്കാരെ) അംഗീകരിക്കുന്ന കാര്യത്തിലും സാധ്യമായ മാറ്റങ്ങൾ സർക്കാർ ചർച്ച ചെയ്യുന്നുണ്ടെന്നും ട്രൂഡോ പറഞ്ഞു.
രാജ്യത്തെ സ്ഥിരതാമസക്കാരായ വിദേശികളുടെ എണ്ണം 6.2 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതും ഉടൻ നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നൽകുന്ന സൂചന.
ഇതും കാനഡയിലെ ജോലികളിൽ ഭൂരിഭാഗം കയ്യടക്കി വച്ചിരിക്കുന്ന ഇന്ത്യക്കാർക്ക് തിരച്ചടിയാണ്. മൂന്ന് വർഷത്തിനിനിടയിൽ രാജ്യത്ത് എത്തിയ താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയായി. 2019 ൽ ഉണ്ടായിരുന്ന 28,121 ൽ നിന്നും 2023 ൽ 83,643 ലേക്ക് എത്തിയതാണ് തീരുമാനത്തിന് കാരണമെന്നും വിശദീകരണമുണ്ട്.
അതേസമയം, കൂടുതൽ ഇന്ത്യക്കാരെ ബാധിക്കുന്ന തീരുമാനത്തിന് പിന്നിൽ അടുത്തിടെ കാനഡയുമായി ഉണ്ടായ നയതന്ത്ര രംഗത്തെ വിള്ളലാണ് എന്ന വിലയിരുത്തലുകളുമുണ്ട്.
സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിന് ശേഷം ഇരുരാജ്യങ്ങളും അത്ര രസത്തിലല്ല മുന്നോട്ട് പോകുന്നത്.
ഇന്ത്യയും കാനഡയും തമ്മിലുള്ള രാഷ്‌ട്രീയ സംഘര്‍ഷമായി വിഷയം പിന്നീട് മാറിയിരുന്നു. പൗരത്വം ഉറപ്പിച്ച സിഖ് ജനത നിർണായക സ്വാധീനമാകുന്ന രാജ്യത്ത് രാഷ്ട്രീയനേട്ടം മുന്നിൽക്കണ്ടാണ് കാനഡയുടെ നീക്കങ്ങൾ തീരുമാനം.
ഇതുവഴി രാജ്യത്തേക്ക് മറ്റ് ഇന്ത്യൻ വിഭാഗക്കാരുടെ വരവ് തടയുക എന്ന പ്രീണനനയം വഴി സിഖ് സമുദായക്കാരെ ഒപ്പം നിർത്തുകയാണ്ഡോ ട്രൂഡോയുടെ ലക്ഷ്യം എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
പഞ്ചാബ് മേഖലയിൽ പ്രത്യേക സിഖ് രാജ്യം രൂപീകരിക്കുന്നതിന് വേണ്ടി വാദിച്ച ഹർദീപ് സിങ് നിജ്ജാർ 2023 ജൂൺ 18 നാണ് കാനഡയിയിൽ വെടിയേറ്റു മരിച്ചത്. മുതിർന്ന ഖലിസ്ഥാൻ നേതാക്കളിൽ ഒരാളായിരുന്നു ഹർദീപ് സിങ് പഞ്ചാബിലെ ജലന്ധറിലെ ഭർസിംഗ്പൂർ ഗ്രാമത്തിൽ നിന്നുള്ളയാളാണ്.
നിജ്ജാറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് തലയ്ക്ക് 10 ലക്ഷം രൂപ ഇന്ത്യ വിലയിട്ടിരുന്നു. കൊലപാതകത്തില്‍ ഇന്ത്യക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് കാനഡ ഉന്നത ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയിരുന്നു.
തുടർന്ന് ഡല്‍ഹിയിലെ മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ പുറത്താക്കിക്കൊണ്ട് ഇന്ത്യയും തിരിച്ചടിച്ചിരുന്നു. ഇത്തരത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ശീതയുദ്ധം നിലനിൽക്കേയാണ് ജസ്റ്റിൻ ട്രൂഡോയുടെ പ്രഖ്യാപനം.
കാനഡയിലെ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളുടെ പേരിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൻ്റെ തുടർച്ചയായിട്ടാണ് പുതിയ തീരുമാനമെന്നാണ് വിവരം.