ഇന്ത്യയുടെ സൈനികശേഷിയുടെ നട്ടെല്ലായാണ്ണ് ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനി കപ്പൽ അറിയപ്പെടുന്നത്. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതു മുതൽ ആക്രമണ സജ്ജമായി അറബിക്കടലിൽ നിലയുറപ്പിച്ചിരിക്കുകയാണ് വിക്രാന്ത്.
വ്യാഴാഴ്ച രാത്രി പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ ഐഎൻഎസ് വിക്രാന്ത് പങ്കാളിയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തെങ്കിലും നാവികസേന ഇത് സ്ഥിരീകരിച്ചിട്ടില്ല.
കറാച്ചി തുറമുഖം ഐഎൻഎസ് വിക്രാന്ത് തകർത്തുവെന്ന് പോലും വാർത്തകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ 09.15നാണ് ഇതേ വിക്രാന്തിൻ്റെ വിവരങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേന നേവൽബേസിലെ ലാൻഡ് ഫോണിലേക്ക് കോൾ വന്നത്.
ഐഎൻഎസ് വിക്രാന്ത് ഇപ്പോൾ എവിടെയാണ് എന്നായിരുന്നു ചോദ്യം. വിളിച്ചയാൾ രാഘവൻ എന്ന് പേരു പറഞ്ഞ് പരിചയപ്പെടുത്തി.
തിരിച്ചുവിളിക്കാൻ 9947747670 എന്ന ഫോൺ നമ്പറും നൽകി. നേവൽ ബേസിലെ ഇസിഎച്ച്എസ് ഓഫീസിൽ ജോലിചെയ്യുന്ന സുബേദാർ ബിനു ശ്രീധരൻ എന്നയാളുടെ പരാതിയിലാണ് കൊച്ചി ഹാർബർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
എന്നാൽ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മറ്റൊരു നമ്പറിൽ നിന്നാണ് ഫോൺ വിളിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് നമ്പറുകളും നിലവിൽ സ്വിച്ച്ഡ് ഓഫ് ആണ്.
എന്നാൽ രണ്ടും നമ്പറുകളും എടുത്തിട്ടുള്ളത് മറ്റ് പേരുകളിലാണെന്നും കണ്ടെത്തി. ഇതോടെ ആൾമാറാട്ടം ഉറപ്പിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഫോൺ നമ്പറുകൾ വ്യക്തമായിട്ടുള്ളതിനാൽ അന്വേഷണം ഏറെ ശ്രമകരമല്ല.
രാജ്യത്തെ സംബന്ധിച്ച ഏറ്റവും തന്ത്രപ്രധാന വിഷയം ഉൾപ്പെട്ടതിനാൽ ദേശീയ അന്വേഷണ ഏജൻസികൾ അടക്കം കേസ് അന്വേഷിക്കുന്നുണ്ട്.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും വിവരം ശേഖരിക്കുന്നുണ്ട്. 2021ൽ ഐഎൻഎസ് വിക്രാന്ത് കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരിക്കെ കമ്പ്യൂട്ടർ ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ അഫ്ഗാൻ പൗരൻ അടക്കം മൂന്നുപേർ പിടിയിലായിരുന്നു. വിക്രാന്ത് നങ്കൂരമിട്ടിരുന്ന കൊച്ചി കപ്പൽശാലയിൽ നിന്ന് വിവരങ്ങൾ ചോർത്തിയ കേസിൽ 2023ലും ഒരാൾ അറസ്റ്റിലായിരുന്നു