ഗുരുതരമായി പരിക്കേറ്റയാളുമായി ആംബുലൻസ് കണക്കെ പറപറന്ന് സ്വകാര്യബസ്. കൃത്യസമയത്ത് എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി. ഗോവിന്ദപുരം-തൃശൂര്‍ റൂട്ടിലോടുന്ന ലതഗൗതം ബസ് ജീവനക്കാർ ഇതിപ്പോൾ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ജീവനക്കാരെ നാട്ടുകാർ അഭിനന്ദനം കൊണ്ട് മൂടുകയാണ്.
സംഭവം ഇങ്ങനെ:
പാലക്കാട് നെന്മാറ ഗോമതിയിലാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മാതൃകാപരമായ ഇടപെടല്‍ രക്ഷിച്ചത് ഒരു ജീവനാണ്. ഗോമതിയില്‍ വെച്ച് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ പിക്കപ്പ് വാൻ നിര്‍ത്താതെ പോയി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടുപേരില്‍ ഒരാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. രണ്ടാമത്തെയാളെ കൊണ്ടുപോകാൻ വാഹനം കാത്തു നില്‍ക്കുന്നതിനിടെയാണ് സ്വകാര്യ ഇതുവഴി കടന്നുവന്ന ഗോവിന്ദപുരം-തൃശൂര്‍ റൂട്ടിലോടുന്ന ലതഗൗതം ബസ് എത്തിയത്.
കാര്യമറിഞ്ഞ ബസ് ജീവനക്കാർ ബസ് സ്ഥലത്ത് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബസിലെ ജീവനക്കാര്‍ പരിക്കേറ്റയാളെ ബസിലേക്ക് കയറ്റി നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്വകാര്യ ബസ് ആശുപത്രിയിലെത്തിയത് കണ്ട് ആദ്യം ആശുപത്രിയിലുണ്ടായിരുന്നവര്‍ ഞെട്ടിയെങ്കിലും കാര്യമറിഞ്ഞപ്പോള്‍ ബസ് ജീവനക്കാരെ അഭിനന്ദിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുടെ ഇടപെടലിനെ അഭിനന്ദിച്ചു. കൃത്യ സമയത് ചികിത്സ ലഭ്യമാക്കിയതിനാൽ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് ബസ് ജീവനക്കാർ.
Read also: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു; തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നു