മേരികോമിൻ്റെ വീട്ടിൽ മോഷണം
ഫരീദാബാദ്: പ്രശസ്ത ബോക്സിങ് താരം മേരികോമിൻ്റെ വീട്ടിൽ മോഷണം. ഫരീദാബാദിലെ വീട്ടിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്ന് മൂന്ന് ടിവികൾ, ഒരു റിസ്റ്റ് വാച്ച്, ഒരു സെറ്റ് റേ ബാൻ ഗ്ലാസുകൾ, നിരവധി ജോഡി ബ്രാൻഡഡ് ഷൂകൾ എന്നിവയാണ് സംഘം മോഷ്ടിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് ഫരീദാബാദ് പൊലീസ് വ്യക്തമാക്കി.ശനിയാഴ്ച അയൽവാസി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച സമയത്താണ് മോഷണം നടന്നതായി മനസിലായത്.
തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളും പഠനം ഉപേക്ഷിച്ചവരാണ്. മോഷ്ടിച്ച വസ്തുക്കൾ അവരുടെ വീടുകളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
മൂന്നുപേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.
ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി
ചെന്നൈ: കരൂരിൽ വിജയ് നയിക്കുന്ന ടിവികെ റാലിക്കിടെയുണ്ടായ മരണത്തിൽ മനംനൊന്ത് പാർട്ടിയുടെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ജീവനൊടുക്കിയത്.
തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തിൽ ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
ഡിഎംകെയ്ക്ക് പുറമെ ദുരന്തത്തിൽ പൊലീസിനും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചു.28-ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.
റാലിയിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ എത്തിയതോടെയായിരുന്നു അപകടം സംഭവിച്ചത്.പരിപാടിയിൽ പങ്കെടുക്കുന്നതിനായി ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്.
സ്ഥലത്ത് കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു.ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.
Summary: Burglary reported at boxing legend Mary Kom’s house in Faridabad. Three minors were arrested Police investigation is underway.









