ന്യൂഡൽഹി: നിർമാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് നാല് പേർ മരിച്ചു. ഡല്‍ഹിയിലെ മുസ്തഫാബാദിലാണ് സംഭവം. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്), ഡല്‍ഹി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.
ഇന്നലെ രാത്രി നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും കാറ്റും ഉണ്ടായിരുന്നു. ഇത് അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
14 പേരെ അപകട സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.