ഇടുക്കി ജില്ലയിൽ ഖനനത്തിന് ദുരന്ത നിവാരണ നിയമം നടപ്പിലാക്കിയിട്ടുള്ള 13 പഞ്ചായത്തുകളിലും സി എച്ച് ആറിന്റെ പരിധിയിലുള്ള 26 വില്ലേജുകളിലും നിയന്ത്രണം നിലനിൽക്കെ ജലവിഭവ വകുപ്പിന്റെ നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഓർഡർ ആശങ്കയ്ക്ക് കാരണമാകുന്നു. ഇടുക്കിയ്ക്ക് പുറമെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിയമം നിർമാണ നിരോധനത്തിന് കാരണമാകുമെന്നാണ് ആശങ്ക.
ജലവിഭവ വകുപ്പ് പുറത്തിറക്കിയ ഓർഡർ പ്രകാരം ജലസേചന സൗകര്യമുള്ള വിവിധ പ്രദേശങ്ങൾക്ക് സമീപം ഖനനം പാടില്ല. ഈ ഉത്തരവ് കൃഷി ഭൂമിയിൽ ഉൾപ്പെടെ ഖനനങ്ങൾ വിലക്കാൻ കാരണമാകുമെന്നാണ് ആശങ്ക. അണക്കെട്ടുകളുടെ 1000 മീറ്റർ ചുറ്റളവിലും ചെക്ക്ഡാമുകളുടെ 300 മീറ്റർ ചുറ്റളവിലും 20,000 ലിറ്റർ വെള്ളം ശേഖരിക്കുവാൻ കഴിയുന്ന സംഭരണികളുടെ 200 മീറ്റർ ചുറ്റളവിലും നദി, തോട്, തടാകങ്ങൾ എന്നിവയുടെ 200 മീറ്റർ ചുറ്റളവിലും ഖനനങ്ങൾ വിലക്കിയിട്ടുണ്ട്.
സംഭരണ ശേഷി അധികമുള്ള ടാങ്കുകൾക്ക് പോലും 30 മീറ്റർ ദൂരം ബഫർ സോൺ അല്ലെങ്കിൽ നോൺ മൈനിങ്ങ് സോൺ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഖനനം നടത്താൻ അനുമതി ലഭിക്കില്ലെന്നും എൻ ഒ സി അനുവദിക്കാൻ വലിയ തോതിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുമെന്നുമാണ് ഇടുക്കി ജില്ലയിലെ ആശങ്ക.
എന്നാൽ പ്രതിഷേധത്തെ തുടർന്ന് ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളുടെ വൃഷ്ടിപ്രദേശത്തിന് ചുറ്റും ബഫർ സോൺ ഏർപ്പെടുത്തിയുള്ള ഉത്തരവ് പിൻവലിക്കാൻ മാർച്ച് അവസാനം തീരുമാനിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനിടെ മന്ത്രി റോഷി അഗസ്റ്റിനാണ് അന്ന് നിയമസഭയിൽ ഇക്കാര്യമറിയിച്ചത്.
മോൻസ് ജോസഫാണ് അന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എല്ലാ ഡാമുകളുടെയും 20 മീറ്റർ വരെയുള്ള പ്രദേശം ബഫർ സോണായും പിന്നീടു ള്ള നൂറ് മീറ്ററിൽ നിർമാണ പ്രവർത്തന ങ്ങൾക്ക് എൻ ഒ സി വേണമെന്നുമായിരുന്നു ഉത്തരവ്. ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാനാണ് ഉത്തരവ് പിൻവലിക്കുന്നത് എന്നും റോഷി അഗസ്റ്റിൻ അന്ന് പ്രതികരിച്ചിരുന്നു. എന്നാൽ ജലസേചന സൗകര്യമുള്ള പ്രദേശങ്ങളിലെ ഖനനം സംബന്ധിച്ച് കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് കർഷകരുടെ ആവശ്യം.









