ഗുണ്ടൽപേട്ടിനു സമീപം കാറും വാനും കൂട്ടിയിടിച്ച്, മലപ്പുറം സ്വദേശികളായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കാറോടിച്ചിരുന്ന ഷഹ്സാദ് സംഭവസ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ 13 പേരിൽ 3 കുട്ടികളുടെ നില ഗുരുതരമാണ്. മൈസൂരുവിൽ നിന്ന് ഊട്ടിയിലേക്കുള്ള വിനോദയാത്രാ സംഘമാണ് വാനിലുണ്ടായിരുന്നത്.
കാർ യാത്രികരായ മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ മുക്കണ്ണൻ അബ്ദുൽ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ് (24), മുസ്‌കാനുൽ ഫിർദൗസ് (21) എന്നിവരാണു മരിച്ചത്. അസീസും കുടുംബവും മണ്ഡ്യയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു.
അപകീർത്തി ഉണ്ടാകും വിധം അനുവാദമില്ലാതെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചു; കോളേജ് അധ്യാപികയ്ക്ക് നഷ്ടപരിഹാരംനൽകാൻ വിധി
അപകീർത്തി ഉണ്ടാകും വിധം അനുവാദമില്ലാതെ കോളേജ് അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചെന്ന പരാതിയിൽ നഷ്ടപരിഹാരം. കാടുകുറ്റി വട്ടോലി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളേജ് അധ്യാപികയുമായ പ്രിൻസിയുടെ പരാതിയിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്കായി 1,68,000 രൂപയും നൽകാനാണ് ചാലക്കുടി മുൻസിഫ് എം.എസ്. ഷൈനിയുടെ വിധി.
ഫോട്ടോ അനുവാദമില്ലാതെ തന്റെ ബ്ലോഗിൽനിന്ന് എടുക്കുകയായിരുന്നെന്ന് പരാതിക്കാരി പറഞ്ഞു. ‘ഒപ്പം’ സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ പ്രിയദർശൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
മോഹൻലാൽ നായകനടനായി അഭിനയിച്ച ഒപ്പം സിനിമയിൽ 29-ാം മിനിറ്റിൽ പോലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിൻസി ഫ്രാൻസിസിന്റെ ചിത്രം നൽകിയത്.
ഇത് മാനസിക വിഷമത്തിന് കാരണമായി. 2017-ൽ കോടതിയെ സമീപിച്ചു. എന്നാൽ പ്രതികൾ പരാതി നിഷേധിച്ചു. തുടർന്ന് ആന്റണി പെരുമ്പാവൂർ, പ്രിയദർശൻ എന്നിവർക്ക് പുറമേ അസി.ഡയറക്ടർ മോഹൻദാസ് എന്നിവർക്കെതിരേ നോട്ടീസ് അയച്ചു. ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒഴിവാക്കിയില്ല. തുടർന്നാണ് നടപടി.