യുകെ കാര്‍ഡിഫിലെ കോട്ടയം മണർകാട് സ്വദേശി ബ്രദര്‍ ജോണ്‍സി തോമസ് അന്തരിച്ചു
വെയില്‍സ്: വെയില്‍സിലെ കാര്‍ഡിഫില്‍ പ്രവര്‍ത്തിക്കുന്ന വിക്ടറി എജി ചര്‍ച്ച് സഭയിലെ സജീവവും സമര്‍പ്പിതനുമായ അംഗമായിരുന്ന ബ്രദര്‍ ജോണ്‍സി തോമസ് (45, അനില്‍) അന്തരിച്ചു.
ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറെ മാസങ്ങളായി കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു.
ചികിത്സയ്ക്കിടെയുണ്ടായ അപ്രതീക്ഷിത വിയോഗം സഭാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കോട്ടയം ജില്ലയില്‍ മണര്‍കാട് തൊണ്ടുകണ്ടത്തില്‍ കുടുംബാംഗമായ പരേതനായ ജോണ്‍സി തോമസ്, തൊഴിലും കുടുംബജീവിതവും വിശ്വാസജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോയ വ്യക്തിത്വമായിരുന്നു.
കുടുംബസമേതമാണ് അദ്ദേഹം വെയില്‍സിലെ ന്യൂപോര്‍ട്ടില്‍ താമസിച്ചിരുന്നത്. ഭാര്യ രേണു ജോണ്‍, മക്കളായ റൂബന്‍, അദിയ എന്നിവരാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍.
ഏകദേശം 15 വര്‍ഷത്തോളം കുവൈറ്റില്‍ ജോലി ചെയ്തിരുന്ന ജോണ്‍സി തോമസ്, രണ്ടര വര്‍ഷം മുമ്പാണ് വെയില്‍സിലേക്ക് കുടിയേറിയത്.
ന്യൂപോര്‍ട്ടില്‍ താമസം ആരംഭിച്ച ശേഷം വിക്ടറി എജി ചര്‍ച്ച്, കാര്‍ഡിഫ് സഭയിലെ സജീവ അംഗമായി മാറി. സഭാ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായ പങ്കാളിത്തം പുലര്‍ത്തുകയും, സാമൂഹ്യ സേവനങ്ങളിലും ആത്മീയ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുകയും ചെയ്തിരുന്നു.
കഠിനമായ രോഗാവസ്ഥയിലും ആത്മവിശ്വാസം കൈവിടാതെ ചികിത്സയെ നേരിട്ട ജോണ്‍സി തോമസ്, കുടുംബത്തിന്റെയും സഭയുടെയും ശക്തമായ പിന്തുണയോടെയാണ് അവസാന നാളുകള്‍ കഴിച്ചുകൂട്ടിയത്.
അദ്ദേഹത്തിന്റെ വിയോഗം വിക്ടറി എജി ചര്‍ച്ച് സമൂഹത്തിനും മലയാളി പ്രവാസി സമൂഹത്തിനും വലിയ നഷ്ടമാണെന്ന് സഭാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ശവസംസ്‌കാര ശുശ്രൂഷയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് സഭാശുശ്രൂഷകന്‍ ബ്രദര്‍ ബിനോയ് എബ്രഹാം അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കളും ബന്ധുക്കളും സാമൂഹ്യമാധ്യമങ്ങളിലൂടെ അനുശോചനങ്ങള്‍ അറിയിച്ചുവരികയാണ്.









