ഏതൊരു ഇന്ത്യൻ ഫുട്ബോൾ ആരാധകനും സ്വപ്നം കണ്ട ആ സുവർണ നിമിഷമായിരുന്നു ഇന്നലെ. ബ്രസീലിനെതിരെ പന്തുതട്ടാൻ ഇന്ത്യ ഇറങ്ങിയ സുവർണ നിമിഷം.
വിജയിച്ചില്ലെങ്കിലും കട്ടക്ക് പിടിച്ചു നിന്നു ഇന്ത്യൻ താരങ്ങൾ. ചെന്നൈ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ
ബ്രസീൽ ഇതിഹാസ താരങ്ങൾക്ക് മുൻപിൽ തോൽവി സമ്മതിച്ച് ഐഎം വിജയനും കൂട്ടരും മടങ്ങിയെങ്കിലും അതൊരു ചരിത്രമാണ്.
ബ്രസീൽ ലെജൻഡ്സ് ഇന്ത്യ ഓൾ സ്റ്റാർസിനെ 2-1ന് ആണ് തോൽപ്പിച്ചത്. വിയോള, റിക്കാർഡോ ഒലിവേരിയ എന്നിവരാണ് ബ്രസീലിനായി ഗോൾ അടിച്ചത്.
ബിബിയാനോ ഫെർണാണ്ടസിലൂടെയായിരുന്നു ഓൾ ഇന്ത്യ സ്റ്റാർസിന്റെ ഗോൾ നേടിയത്. 35 മിനിറ്റ് വീതമുള്ള രണ്ട് പകുതികളിലായിട്ടായിരുന്നു മത്സരം നടന്നത്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ റിവാൽഡോ ഇന്ത്യൻ ഗോൾകീപ്പർ സുഭാഷിഷ് റോയ് ചൗധരിയെ വിറപ്പിച്ച് നിറയൊഴിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ഓരോ വട്ടവും റൊണാൾഡീഞ്ഞോ പന്ത് തട്ടുമ്പോൾ കണികൾ ആവേശം മൂത്ത് ആരവം മുഴക്കിക്കൊണ്ടിരുന്നു.
23ാം മിനിറ്റിൽ ബ്രസീൽ ലെജൻഡ്സ് ലീഡ് എടുക്കും എന്ന് തോന്നിച്ചു. ഫെർനാൻഡോ സിക്സ് യാർഡിനുള്ളിലേക്ക് ബോൾ എത്തിച്ചെങ്കിലും റികാർഡോയ്ക് ലക്ഷ്യം കാണാനായില്ല.
എൻ മോഹൻരാജും അൽവിറ്റോയും തുടരെ തുടരെ ബ്രസീൽ ഗോൾകീപ്പറെ പരീക്ഷിച്ചെങ്കിലും ഇന്ത്യൻ സൂപ്പർ താരങ്ങൾക്ക് വലയ്ക്കകത്തേക്ക് പന്തെത്തിക്കാനായില്ല.
ഐഎം വിജയന്റെ ഫ്രീകിക്കും കാണികളെ വിസ്മയിപ്പിച്ചാണ് കടന്ന് പോയത്. എൻപി പ്രദീപിൽ നിന്നും മികച്ച മുന്നേറ്റമാണ് ഉണ്ടായത്. ഇന്ത്യൻ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത് വിയോള ബ്രസീലിനായി ആദ്യ ഗോൾ നേടിയപ്പോൾ ഒലിവേരിയയാണ് ബ്രസീലിനായി രണ്ടാമത്തെ ഗോൾ സ്കോർ ചെയ്തത്.
1994ലേയും 2002ലേയും ലോക കിരീടത്തിൽ മുത്തമിട്ട ബ്രസീൽ ടീമിലെ ഇതിഹാസ താരങ്ങൾ ഇന്ത്യക്കെതിരെ മത്സരത്തിന് ഇറങ്ങുന്നു എന്നത് തന്നെ വലിയ ആ ആകാംക്ഷയോടെയാണ് ആരാധകർ കണ്ടത്. ഐഎം വിജയനാണ് ബ്രസീലിന്റെ പേരുകേട്ട വമ്പൻ നിരയ്ക്കെതിരെ ഇന്ത്യ ഓൾ സ്റ്റാർസ് ടീമിനെ നയിച്ചത്. 25000ളം കാണികളാണ് മത്സരം കാണാൻ എത്തിച്ചത്.