യുദ്ധാന്തരീക്ഷത്തിൽ നിന്ന് കശ്മീർ ഇനിയും കരകയറിയിട്ടില്ലെന്ന് കാലം ഓർമിപ്പിക്കുന്നു. സൈനികരും ഭീകരരും ഇല്ലാത്ത ഒരു കശ്മീർ ഓർമയിൽ ഇല്ല. രാജ്യാതിർത്തിയിൽ സൈന്യം കാവലാണ് എന്ന ഒറ്റ ധൈര്യത്തിൽ ഉറങ്ങുന്നവരാണ് നമ്മൾ. എന്നാൽ കശ്മീരിലെ ജനങ്ങളുടെ അവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ. വെടിയൊച്ചകൾക്കിടയിൽ കൺപോളകൾ പോലും അടയ്ക്കാൻ കഴിയാതെ ഭയപ്പെട്ട് കഴിയുന്നവർ. എരിയുന്ന മനസുമായി ഓരോ ദിനവും അവർ തള്ളിനീക്കുന്നു. ജമ്മു കശ്മീരിലെ പോസ്റ്റിങ്ങ് ഒരു ജവാനെ സംബന്ധിച്ച് ജീവൻ മരണ പോരാട്ടമാണ്. വർഷങ്ങൾക്കുമുൻപ് പ്രമോഷന്റെ ഭാഗമായി ആ സൈനികന് ആരും കൊതിക്കുന്ന ഒരു വാഗ്ദാനം ലഭിച്ചു. യുദ്ധാന്തരീക്ഷം കുറഞ്ഞ ഏറെ സമാധാനപരമായ പ്രദേശത്ത് പോസ്റ്റിംഗ്. എന്നാൽ ധീരനായ സൈനികൻ പോസ്റ്റിംഗ് വേണ്ടെന്നു വെച്ചു. എന്റെ ടീമിനൊപ്പം ഞാൻ ഉണ്ടായിരിക്കണം. എന്റെ കീഴിലുള്ളവരുടെ സുരക്ഷ എനിക്ക് ഉറപ്പാക്കണം എന്നായിരുന്നു കേണലിന്റെ പക്ഷം. അതായിരുന്നു കമാൻറിംഗ് ഓഫീസർ കേണൽ മൻപ്രീത് സിംഗ്. രാജ്യത്തെ സ്നേഹിക്കുക എന്നത് തന്റെ കർത്തവ്യമെന്ന് സിരകളിൽ ഉറപ്പിച്ച മൻപ്രീത് സിംഗിന്റെ ജീവൻ നഷ്ടമായ വാർത്ത പുറത്ത് വന്നത് ഈ കഴിഞ്ഞ ദിവസം
ഇത് പിന്നെയും ഓർമിപ്പിക്കുന്നത് കാശ്മീരിന്റെ ചരിത്രമാണ്. ജമ്മു കശ്മീരിൽ അനന്ത്‌നാഗ് ജില്ലയിയിൽ ഭീകരരും സുരക്ഷാസേനയും തമ്മില്ലുള്ള ഏറ്റുമുട്ടലിലാണ് ജവാന്റെ ജീവൻ നഷ്ടമായത്. മേജർ ആശിഷ് ധോനക്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചു. ജമ്മു കശ്മീർ മുൻ ഐജി ഗുലാം ഹസൻ ബട്ടിന്റെ മകനാണ് ഡിവൈഎസ്പി ഹുമയൂൺ ഭട്ട്. രണ്ടു മാസം പ്രായമായ തന്റെ മകളെ അനാഥമാക്കിയാണ് സൈനികന്റെ മടക്കം. രണ്ട് ദിവസങ്ങളിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അങ്ങനെ അഞ്ചായി.
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണവും സൈനികരുടെ വീരമൃത്യുവും കാശ്മീരിന്റെ അധ്യായത്തിലെ കറുത്ത പേജുകൾ ആണ്. വാജ്‌പേയി മുതൽ നരേന്ദ്രമോദി വരെയുള്ള ഭരണത്തിനിടെ ജമ്മുകശ്മീരിന്റെ രാഷ്ട്രീയ പ്രശ്‌നം ഇന്നും തർക്ക വിഷയമായി തന്നെ നിലകൊള്ളുന്നു. അതിർത്തി ജില്ലകളായ രജൗറി പൂഞ്ച് മേഖലകളിൽ 26 ഭീകരരും 10 സുരക്ഷാസൈനികരും ഈ വർഷം മാത്രം കൊല്ലപ്പെട്ടു.
അവസാനം റിപ്പോർട്ട് ചെയ്തത് അതിർത്തി ജില്ലയായ അനന്ത് നാഗിൽ കൊകോരെനാഗ് ഗരോൾ മേഖലയിൽ നുഴഞ്ഞുകയറിയ ഭീകരരെ പിടികൂടാനുള്ള ശ്രമത്തിനിടെ 4 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതാണ്. അനന്ത്നാഗ്, രജൗറി ജില്ലകളുടെ അതിർത്തിമേഖലകളിൽ ലഷ്കറെ തയിബയും നിഴൽ സംഘടനയായ റസിസ്റ്റൻസ് ഫ്രണ്ടും നടത്തുന്ന നുഴഞ്ഞുകയറ്റ നീക്കങ്ങളുടെ ഭാഗമായിരുന്നു ആക്രമണം. പക്ഷെ ആ പോരാട്ടത്തിലും മണിക്കൂറുകൾക്കുളിൽ വീരമൃത്യുവരിച്ചത്. കമാൻഡിങ് ഓഫിസറും മേജറും ഡിവൈഎസ്പിയും ഉൾപ്പെടെയുള്ളവരാണ് എന്നത് ഏറെ ഞെട്ടിക്കുന്നതും.
സൈനികരുടെ മരണത്തിനു പിന്നാലെ മേഖലയിൽ സൈന്യം തിരച്ചിൽ ശക്തമാക്കി. ഒടുവിൽ അനന്ത്നാഗിലെ വനമേഖലയിൽ സൈന്യം ലഷ്കർ ഒളിയിടം വളഞ്ഞു. കൊടുംഭീകരൻ ഉസൈർ ഖാൻ അടക്കം രണ്ടു ഭീകരർ ഒളിച്ചിരിക്കുന്ന മലമുകളിലെ ഗുഹയാണ് വളഞ്ഞത് . ഗാരോൾ വനത്തിലെ ഒളിത്താവളത്തിൽ ഹെലികോപ്റ്ററുകളിൽ കമാൻഡോകൾ ഇറങ്ങുകയായിരുന്നു. മുന്നിൽ നിന്ന് നയിച്ച മൂന്ന് ഉദ്യോഗസ്ഥർ ജീവൻ ബലിയർപ്പിച്ചതിന്റെ പിറ്റേന്ന് നമ്മുടെ സൈന്യം ദൃഢനിശ്ചയത്തോടെ ഭീകരരെ വളഞ്ഞു എന്നത് വലിയ കാര്യമാണ്. ഏറെ പ്രതീക്ഷയോടെ ഏവരും ഇനി കാത്തിരിക്കുന്നത് ഒരു വാർത്തക്ക് വേണ്ടിയാണ്. ഭീകരരെ ഇന്ത്യൻ സൈന്യം കീഴ്പെടുത്തി എന്ന വാർത്ത. കാരണം എത്ര ജീവനുകൾ നഷ്ടമായാലും ഇന്ത്യൻ സൈന്യം തിരിച്ചടിക്കും എന്നത് നമ്മുടെ ആത്മവിശ്വാസമാണ്…..
പരസ്പരം പൊരുത്തപ്പെടാതെ കിടക്കുന്ന കശ്മീരിൽ എന്നാണ് ഭീകരാക്രമങ്ങൾക്ക് ഒരറുതി വരുക..
Read Also : അനന്ത്നാഗിൽ ഭീകരർക്കായി നാലാം ദിവസവും തിരച്ചിൽ