തൃശൂര്‍: കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം ഇനി മുതൽ ആൺകുട്ടികൾക്കും പഠിക്കാം. ഇത് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഉണ്ടായേക്കും. മാറുന്ന കാലത്തെ, കലാമണ്ഡലവും അഭിസംബോധന ചെയ്യും, ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം, അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചു.
ജാതി, ലിംഗ അധിക്ഷേപം ഏറ്റുവാങ്ങേണ്ടിവന്ന മോഹിനിയാട്ടം നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്. എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരം കേരള കലാമണ്ഡലത്തിലുണ്ട്.
അധിക തസ്തിക സൃഷ്ടിക്കേണ്ടതില്ല എന്നതിനാൽ ആൺകുട്ടികള്‍ക്ക് മോഹിനിയാട്ടം പഠിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ തടസമുണ്ടാവില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായാൽ മാത്രം തീരുമാനം തെരഞ്ഞെടുപ്പിന് ശേഷമെടുക്കാനാണ് ഇവര്‍ കരുതുന്നത്. വിദഗ്ധരടങ്ങുന്ന കമ്മിറ്റി കരിക്കുലം തീരുമാനിക്കും.
Read Also: കോടതി ഉത്തരവ് വന്നു; 486 ദിവസങ്ങൾക്കുശേഷം എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു