തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധനവള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പഴയതുറ പുരയിടം പുല്ലുവിളയിൽ തദയൂസ് ആണ് മരിച്ചത്. അപകടത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്.
ഇരയിമ്മൻ തുറയിൽ സെറ്റല്ലസിനെയാണ് കാണാതായത്. മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് തദയൂസിന്‍റെ മൃതദേഹം പൂവാർ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. വള്ളത്തിൽ കൂടെയുണ്ടായിരുന്ന മുത്തപ്പൻ, രജിൻ, പുഷ്പദാസ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു.
അതിനിടെ സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശക്തമായ മഴയില്‍ വ്യാപക നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എറണാകുളം കൂത്താട്ടുകുളത്ത് തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു. മണ്ണത്തൂര്‍ കരയില്‍ അന്നക്കുട്ടി (80) ആണ് മരിച്ചത്. വ്യാഴാഴ്ച ജോലിക്ക് പോയി തിരിച്ചു വരുന്നതിനിടെ മരം ഒടിഞ്ഞു അന്നക്കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു.
മലപ്പുറം കാളികാവ് മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ വീണ യുവാവിനെ കാണാതായി. പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയെയാണ് കാണാതായത്. മേഖലയിൽ തിരച്ചില്‍ തുടരുകയാണ്.