ജിയോ ഇ-സിം പിന്തുണയുള്ള സ്മാർട്ട് വാച്ച് അവതരിപ്പിച്ച് ഇന്ത്യൻ വെയറബിൾ ബ്രാൻഡായ ബോട്ട്. ബോട്ടിന്റെ ലൂണാർ സീരീസിന് കീഴിലാണ് ലൂണാർ പ്രോ എൽ.ടി.ഇ എന്ന പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചത്. ഇ-സിം ഉള്ളതിനാൽ തന്നെ സ്മാർട്ഫോൺ ഇല്ലാതെ വാച്ച് മാത്രം ഉപയോഗിച്ച് കോളുകൾ ചെയ്യാനോ എടുക്കാനോ സാധിക്കും. സാധാരണയായി ബ്ലൂടൂത്ത് വഴിയുള്ള കോളിങ് മാത്രമാണ് ബോട്ട് പോലുള്ള കമ്പനികളുടെ സ്മാർട്ട് വാച്ചുകളിലുണ്ടായിരുന്നത്. എപ്പോഴും ഫോൺ അടുത്തുണ്ടാകണം എന്നതിനാൽ തന്നെ ഇത് വലിയൊരു പോരായ്മയായിരുന്നു.
എന്നാൽ ജിയോ ഇ-സിം ഉപയോഗിച്ച്, നിങ്ങൾക്ക് സ്മാർട്ട് വാച്ച് വഴി നേരിട്ട് സന്ദേശങ്ങൾ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും. വരും ദിവസങ്ങളിൽ ഓൺലൈൻ – ഓഫ്‍ലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വാച്ച് സ്വന്തമാക്കാം. മറ്റ് എൽ.ടി.ഇ സ്മാട്ട് വാച്ചുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിലാകും ബോട്ട് ലൂണാർ പ്രോ വിപണിയിലെത്തുക.
ബ്രോട്ട് ലൂണാർ പ്രോ എൽ.ടി.ഇ സവിശേഷതകൾ
>വാച്ചിന് വൃത്താകൃതിയിലുള്ള 1.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ബോട്ട് നൽകിയിരിക്കുന്നത്. തെളിച്ചമുള്ളതും വ്യക്തവുമായ അനുഭവം ഡിസ്‍പ്ലേ സമ്മാനിക്കുമെന്ന് ബോട്ട് അവകാശപ്പെടുന്നു.
>ആരോഗ്യ ട്രാക്കിങ്ങിനായി നിരവധി സെൻസറുകളും വാച്ചിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. അതിൽ ഹൃദയമിടിപ്പ് മോണിറ്റർ, ബ്ലഡ് ഓക്സിജൻ മോണിറ്റർ, സ്ലീപ്പ് ട്രാക്കർ, പിരീഡ് ട്രാക്കർ എന്നിവ ഉൾപ്പെടുന്നു.
>വിവിധ ശാരീരിക പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാനും ലൂണാർ പ്രോ എൽ.ടി.ഇ നിങ്ങൾക്ക് ഉപയോഗിക്കാം, അതുവഴി നിങ്ങളുടെ നിശ്ചിത ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യാം.
>വിപണിയിലെ മറ്റ് സ്മാർട്ട് വാച്ചുകൾ പോലെ, വ്യത്യസ്ത തരത്തിലുള്ള പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്നതിന് ഒന്നിലധികം സ്പോർട്സ് മോഡുകൾ നൽകിയിട്ടുണ്ട്.
>സ്മാർട്ട് വാച്ചിന് ഇൻബിൽറ്റ് ജി.പി.എസ് പിന്തുണയുമുണ്ട്, അത് കൃത്യമായ റൂട്ട് ട്രാക്കിങ് അനുവദിക്കുന്നു. കൂടാതെ നടത്തം, ഓട്ടം, കാൽനടയാത്ര, സൈക്ലിങ് എന്നിവയ്ക്ക് അനുയോജ്യമാണ്.
Read Also:ഫോൺ വിൽക്കാൻ ഒരുങ്ങുകയാണോ? അതിനുമുൻപ് ഇക്കാര്യങ്ങൾ നിർബന്ധമായും ചെയ്യണം