വില വർദ്ധനവിന് ശേഷം കർഷകരേയും വ്യാപാരികളേയും അങ്കലാപ്പിലാക്കിയിരിക്കുകയാണ് കുരുമുളകുവില. ഉത്പാദനം കുറഞ്ഞതോടെ ജനുവരി ആദ്യവാരം 625-630 രൂപയിൽ നിന്നിരുന്ന ഹൈറേഞ്ച് കുരുമുളകിന്റെ വില ജനുവരി 12 ആയപ്പോഴേക്കും 651-660 രൂപ വരെ എത്തിയിരുന്നു. കുരുമുളക് വ്യാപാരികൾക്കും കർഷകർക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നതായിരുന്നു കുരുമുളക് വിപണിയിലെ ഈ വിലക്കയറ്റം.
വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ വൻതോതിൽ കുമുളക് സ്റ്റോക്ക് ചെയ്യുകയുമുണ്ടായി. എന്നാൽ ജനുവരി 17 ,18 ആയപ്പോഴേക്കും കുരുമുളക് വില തലകീഴായി മറിയുകയാണുണ്ടായത്. ഇതോടെ സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്ക് നഷ്ടത്തിൽ കുരുമുളക് വിറ്റഴിക്കേണ്ട അവസ്ഥ വന്നു.
എന്നാൽ ജനുവരി അവസാനമായപ്പോഴേക്കും കുരുമുളക് വില വിണ്ടും ഉയരാൻ തുടങ്ങി. ഇപ്പോൾ 660 രൂപവരെ ഹൈറേഞ്ച് കുരുമുളകിന് ലഭിക്കുന്നുണ്ട്. ലിറ്റർ വെയിറ്റിന് മറ്റു സ്ഥലങ്ങളിലെ കുരുമുളകിനേക്കാൾ വില കൂടുതലാണ് ഹൈറേഞ്ച് കുരുമുളകിന്, അതുകൊണ്ടുതന്നെ ആവശ്യക്കാർ ഏറെയാണ്. കൊച്ചി കേന്ദ്രീകരിച്ചുള്ള വൻകിട വ്യാപാരികളാണ് വില നിയന്ത്രിക്കു്നനതെന്നാണ് ഹൈറേഞ്ചിലെ ചെറുകിട വ്യാപാരികൾ പറയുന്നത്.